
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം പുതിയ ഘട്ടത്തിലേക്ക്. ഇറാൻ എണ്ണ ഇറക്കുമതി നടത്തിയെന്ന ആരോപണത്തിൽ ചൈനയിലെ റിജാവോ തുറമുഖത്തിന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധം ഏർപ്പെടുത്തി. റിജാവോ ഷിൻഹ്വ ക്രൂഡ് ഓയിൽ ടെർമിനൽ, ഒരു എണ്ണ റിഫൈനറി, എണ്ണക്കപ്പലുകൾ, 100ലധികം വ്യക്തികൾ എന്നിവരെയും ഉപരോധം ബാധിക്കും. ഇതേത്തുടർന്ന് ചൈനയിലെ വമ്പൻ എണ്ണ കമ്പനിയായ സിനോപെക്, റിജാവോയിലേക്ക് വരികയായിരുന്ന സൂപ്പർ ടാങ്കർ ‘ന്യൂ വിസ്ത’യെ വഴിതിരിച്ചുവിട്ടു. 20 ലക്ഷം ബാരൽ ഇറാൻ എണ്ണ വഹിക്കുന്ന കപ്പൽ നിൻഗ്ബോയിലോ ചൗഷാനിലോ എത്തും. സിനോപെക്കിന്റെ മൊത്തം എണ്ണ ഇറക്കുമതിയിൽ അഞ്ചിലൊന്ന് റിജാവോ വഴിയായിരുന്നു.
ഇറാന്റെ യുദ്ധവും ആണവ പദ്ധതികൾക്കും പണം ലഭിക്കുന്നത് തടയാനുള്ള യുഎസ് നീക്കമാണ് ഉപരോധം. ഇറാൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും ടാങ്കറുകൾക്കും ബാധകമാകും. നഷ്ടം നികത്താൻ സിനോപെക് ചില റിഫൈനറികളോട് പ്രോസസിങ് ഫീസ് കുറയ്ക്കാൻ ആവശ്യപ്പെട്ടു. അതേസമയം, യുഎസിലെത്തുന്ന ചൈനീസ് കപ്പലുകൾക്ക് ട്രംപ് ഭരണകൂടം പോർട്ട് ഫീസ് 50 ഡോളറായി കൂട്ടിയപ്പോൾ ചൈന 56 ഡോളറാക്കി ഉയർത്തി. ഇത് വ്യാപാര ബന്ധത്തെ കൂടുതൽ വഷളാക്കി.
തിരിച്ചടിയായി ചൈന ദക്ഷിണ കൊറിയയിൽ പ്രവർത്തിക്കുന്ന അഞ്ച് യുഎസ് കമ്പനികളെ കരിമ്പട്ടികയിലാക്കി. ഹൻവ ഷിപ്പിങ്, ഹൻവ ഫില്ലി ഷിപ്പ്‍യാർഡ്, ഹൻവ ഓഷൻ യുഎസ്എ ഇന്റർനാഷനൽ, ഹൻവ ഷിപ്പിങ് ഹോൾഡിങ്‌സ്, എച്ച്എസ് യുഎസ്എ ഹോൾഡിങ്സ് കോർപറേഷൻ എന്നിവയാണ് ലിസ്റ്റിലുള്ളത്. യുഎസ് തുറമുഖവും കപ്പൽ നിർമാണ മേഖലയിലെ അന്വേഷണങ്ങളിൽ പങ്കെടുത്തെന്നാരോപിച്ചാണ് നടപടി. ഇതേത്തുടർന്ന് ഹൻവ ഓഷന്റെ ഓഹരി വില 8 ശതമാനത്തിലധികം ഇടിഞ്ഞു.
ചൈനീസ് വാണിജ്യ മന്ത്രാലയം ഇത് യുഎസിന്റെ പ്രകോപനത്തിനുള്ള മറുപടിയാണെന്ന് വ്യക്തമാക്കി. ഉപരോധങ്ങൾ ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. ട്രംപ്-ഷി ഭരണകൂടങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കപ്പൽത്തുറമുഖ മേഖലയിലേക്കും വ്യാപിച്ചതോടെ വ്യാപാരയുദ്ധം കൂടുതൽ സങ്കീർണമായി.