
കൊച്ചി : കൊച്ചിയിൽ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും സ്വര്‍ണവും അടക്കം 3.10 ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.
യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. അനധികൃതമായി മദ്യം സംഘടിപ്പിച്ച് നൽകിയാണ് ആദർശ് ഇയാളെ പരിചയപ്പെട്ടത്. യുഎസ് പൗരൻ്റെ കൈവശം സ്വർണവും പണവുമുണ്ടെന്ന് മനസിലാക്കിയ ആദർശ് ഹോട്ടൽ മുറിയിൽ തങ്ങുകയും ഇരുവരും ഒന്നിച്ച് മദ്യപിക്കുകയുമായിരുന്നു. പിന്നീട് സുഹൃത്തിനെ ഇവിടേക്ക് വിളിച്ചുവരുത്തി യുഎസ് പൌരനെ ആക്രമിച്ച് പണവും സ്വർണവും കവരുകയായിരുന്നു.
ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തന്നെ മർദിച്ചുവെന്നും തങ്ങൾ പറയുന്നതനുസരിച്ചാൽ കൊല്ലില്ലെന്നും ഇല്ലെങ്കില്‍ ജീവനെടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുഎസ് പൌരൻ പരാതിയിൽ പറയുന്നു. തുടർന്ന് യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തു. മുറി പുറത്തു നിന്നു പൂട്ടി പുറത്തു പോയ ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. ഇത്തരത്തിൽ ആകെ, 3,10,290 രൂപയുടെ മുതലാണ് കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സാഹസികമായാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റി പൊലീസിന്റെ അതി വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരൻ നന്ദി അറിയിച്ചു.
US citizen held hostage in hotel room, beaten, and stolen property worth Rs 3.10 lakh; Two arrested in Kochi













