വാഷിങ്ടൺ: അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക് ഇന്ത്യക്കെതിരെ വീണ്ടും വിമർശനവുമായെത്തി. ശനിയാഴ്ച നടന്ന ഒരു അഭിമുഖത്തിലാണ് വിമർശനവുമായി ലുട്നിക്ക് എത്തിയത്. കാർഷിക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന വ്യാപാര നിലപാടിനെ ലക്ഷ്യം വെച്ചാണ് ലുട്നിക്ക് ഇത്തവണ എത്തിയിരിക്കുന്നത്.
140 കോടി ജനങ്ങളുണ്ടെന്ന് വീമ്പു പറയുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഒരു ബുഷെൽ (അളവ്) അമേരിക്കൻ ചോളംപോലും വാങ്ങാത്തത്. അവർ എല്ലാം നമുക്ക് വിൽക്കുകയും നമ്മുടെ ചോളം വാങ്ങാതിരിക്കുകയും ചെയ്യുന്നത് ദേഷ്യം പിടിപ്പിക്കുന്നില്ലേ. അവർ എല്ലാത്തിനുംമേലെ തീരുവ ചുമത്തുകയാണ്, ഇന്ത്യ തീരുവ കുറച്ചേ മതിയാകൂവെന്നും അല്ലെങ്കിൽ അമേരിക്കയുമായുള്ള വ്യാപാരത്തിൽ ഏർപ്പെടുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നും ലുട്നിക്ക് പറഞ്ഞു.
ഇന്ത്യ, കാനഡ, ബ്രസീൽ തുടങ്ങിയ സഖ്യകക്ഷികളുമായുള്ള ബന്ധം വ്യാപാരത്തീരുവകളിലൂടെ അമേരിക്ക വഷളാക്കുകയാണോ എന്ന ചോദ്യത്തിന് ബന്ധം ഏകപക്ഷീയമാണ്. അവർ ഞങ്ങൾക്ക് വിൽക്കുകയും ഞങ്ങളെ മുതലെടുക്കുകയും ചെയ്യുകയാണെന്നും അവർ അവരുടെ സമ്പദ്വ്യവസ്ഥയിൽനിന്ന് ഞങ്ങളെ തടയുന്നുവെന്നുമായിരുന്നു ലുട്നിക്കിന്റെ മറുപടി.









