വാഷിംങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച് 1 ബി വിസ അപേക്ഷയ്ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്താനുള്ള നീക്കത്തെ ന്യായീകരിച്ച് വൈറ്റ്ഹൗസ്. യുഎസ് ജീവനക്കാരെ ഒഴിവാക്കി എച്ച് 1 ബി വിസക്കാരെ അമേരിക്കൻ കമ്പനികൾ, ജോലിക്കെടുക്കുന്നു എന്ന വാദത്തെ സാധൂകരിക്കുന്ന കണക്കുകളും ഉൾപ്പെടുത്തിയ കുറിപ്പുമായാണ് വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. എച്ച് 1 ബി വിസയുടെ ദുരുപയോഗമാണ് അമേരിക്കൻ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നതെന്നും വൈറ്റ്ഹൗസ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ തൊഴിലാളികൾക്ക് പ്രഥമസ്ഥാനം ലഭിക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അമേരിക്കക്കാരായ തൊഴിലാളികൾക്കാണ് തൊഴിൽമേഖലയിലെ നേട്ടങ്ങൾ പൂർണമായും ലഭിച്ചതെന്നും ജോ ബൈഡൻ പ്രസിഡന്റായിരിക്കെ നേട്ടങ്ങൾ മുഴുവൻ വിദേശി തൊഴിലാളികൾക്കായിരുന്നെന്നും വൈറ്റ് ഹൗസ് പറയുന്നു. അതേസമയം, കമ്പനികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്കുവേണ്ടി അമേരിക്കക്കാർ മാറ്റിനിർത്തപ്പെടുന്നുവെന്നാണ് പ്രസ്താവനയിലുള്ളത്.
ഒരു കമ്പനി 2025 സാമ്പത്തികവർഷത്തിൽ 5,189 എച്ച് 1 ബി വിസകൾക്ക് അനുമതി കൊടുത്തു. അവർ ഇക്കൊല്ലം ഏകദേശം പതിനാറായിരത്തോളം യുഎസ് ജീവനക്കാരെ പിരിച്ചുവിട്ടു. മറ്റൊരു കമ്പനി 1,698 എച്ച് 1 ബി വിസയ്ക്ക് 2025 സാമ്പത്തികവർഷം അനുമതി നൽകിയപ്പോൾ ഒറിഗണിൽ 2,400 യുഎസ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജൂലൈമാസത്തിൽ പ്രഖ്യാപിച്ചു. മൂന്നാമതൊരു കമ്പനിയാകട്ടെ, 2022 മുതൽ 27,000 യുഎസ് തൊഴിലാളികളെ ഒഴിവാക്കുകയും 25,075 എച്ച് 1 ബി വിസ അനുമതി നൽകുകയും ചെയ്തു. 2025 സാമ്പത്തിക വർഷം 1137 എച്ച് 1 ബി വിസയ്ക്ക് അനുമതി ലഭിച്ച മറ്റൊരു കമ്പനി 1000 അമേരിക്കക്കാരെ ഫെബ്രുവരി മാസത്തിൽ ഒഴിവാക്കിയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് പറയുന്നു.
2003 സാമ്പത്തികവർഷത്തിൽനിന്ന് സമീപകാലത്തേക്ക് എത്തുമ്പോൾ എച്ച് 1 ബി വിസക്കാരായ ഐടി ജീവനക്കാരുടെ എണ്ണം 32 ശതമാനത്തിൽനിന്ന് 65 ശതമാനമായി. യുഎസിൽ സമീപകാലത്തെ കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളുടെയും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദധാരികളുടെയും ഇടയിലെ തൊഴിലില്ലായ്‌മ നിരക്ക് 6.1 ശതമാനവും 7.5 ശതമാനമായെന്നും ബയോളജി, ആർട്ട് ഹിസ്റ്ററി തുടങ്ങിയ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മയെ അപേക്ഷിച്ച് ഇരട്ടിയാണിതെന്നും വൈറ്റ്ഹൗസ് പറയുന്നു. 2000-നും 2019-നും ഇടയിൽ യുഎസിലെ വിദേശികളായ STEM ജീവനക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.














