
വാഷിംഗ്ടണ്‍ : യുഎസും പാകിസ്ഥാനും നടത്തിയ നിര്‍ണായ വ്യാപാര ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ഇരുപക്ഷവും ഒരു ധാരണയിലെത്തിയിട്ടുണ്ടെങ്കിലും മറ്റ് വ്യാപാര പങ്കാളികളുമായുള്ള സമാന ചര്‍ച്ചകള്‍ യുഎസ് അവസാനിപ്പിച്ചതിനുശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ ഒമ്പതോടെ അമേരിക്കയുടെ അധിക തീരുവ ചുമത്താനുള്ള നീക്കത്തില്‍ നിന്നും രക്ഷപെടാന്‍ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ അവസാന വട്ട ചര്‍ച്ചകളിലാണ്. അതിനിടെയാണ് പാക്കിസ്ഥാനുമായി അമേരിക്ക ധാരണയിലെത്തിയത്.
പ്രധാനമായും തുണിത്തരങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാന്‍ കയറ്റുമതിയില്‍ 29% തീരുവ ഏര്‍പ്പെടുത്തുന്നത് തടയുന്ന ഒരു ദീര്‍ഘകാല പരസ്പര താരിഫ് കരാറാണ് ലക്ഷ്യം. ഇതിന് അന്തിമരൂപം നല്‍കാന്‍ വാണിജ്യ സെക്രട്ടറി ജവാദ് പാല്‍ നയിക്കുന്ന പാകിസ്ഥാന്‍ പ്രതിനിധി സംഘമാണ് അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയത്.
യുഎസും പാകിസ്ഥാനുമായി നാല് ദിവസം നീണ്ടുനിന്ന ചര്‍ച്ചയാണ് നടത്തിയത്. കരാര്‍ ഒപ്പുവെച്ചാല്‍, യുഎസ് സാധനങ്ങളുടെ; പ്രത്യേകിച്ച് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി പാകിസ്ഥാന്‍ വര്‍ദ്ധിപ്പിക്കും. ഇത് പാകിസ്ഥാനില്‍ അമേരിക്കന്‍ നിക്ഷേപ സാധ്യതയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
ജൂലൈ 9 നകം യുഎസുമായി വ്യാപാര കരാറിലെത്താത്ത രാജ്യങ്ങള്‍ 29 ശതമാനം ഉയര്‍ന്ന തീരുവ നല്‍കേണ്ടി വരും.