
അമേരിക്കയും പാകിസ്‌താനും സൈനിക മേഖലയിൽ കൂടുതൽ അടുക്കുന്നു. ‘മിഗ്-21 കില്ലർ’ എന്നറിയപ്പെടുന്ന AIM-120 അഡ്വാൻസ്‌ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ (AMRAAM) മിസൈലുകൾ പാകിസ്താനടക്കമുള്ള രാജ്യങ്ങൾക്ക് വിൽക്കാൻ അമേരിക്ക തീരുമാനിച്ചു. പുതിയ കരാറിലൂടെ, 160 കിലോമീറ്റർ വരെ ദൂരപരിധിയുള്ള, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, റഡാർ ഗൈഡഡ് AIM-120C-8 എയർ-ടു-എയർ മിസൈലുകളാണ് പാകിസ്‌താന് ലഭിക്കുക. 40-ലധികം രാജ്യങ്ങൾ ഈ മിസൈലുകൾ സ്വന്തമാക്കിയിട്ടുണ്ട്, 14 തരം യുദ്ധവിമാനങ്ങളിൽ ഇവ ഘടിപ്പിക്കാനാകും.
ഫയർ ആൻഡ് ഫോർഗെറ്റ് സംവിധാനമാണ് അമ്രാം മിസൈലിൻ്റെ പ്രധാന സവിശേഷത . ഒരിക്കൽ ലക്ഷ്യസ്ഥാനം നിശ്ചയിച്ച് വിക്ഷേപിച്ചാൽ, മിസൈലിൻ്റെ റഡാർ സംവിധാനം ഉപയോഗിച്ച് ആ ലക്ഷ്യത്തെ പിന്തുടർന്ന് നശിപ്പിക്കാൻ ഇതിന് കഴിയും. AIM-120C-8, കയറ്റുമതിക്കായി പ്രത്യേകം നിർമിച്ച മോഡലാണ്. എഫ്-16, യൂറോഫൈറ്റർ ടൈഫൂൺ, എഫ്-22 റാപ്റ്റർ, എഫ്-35 ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങളിൽ ഇത് ഘടിപ്പിക്കാം. ഇന്ത്യയ്ക്കെതിരെ 2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമുണ്ടായ വ്യോമ ഏറ്റുമുട്ടലിൽ പാകിസ്താൻ വ്യോമസേന ഉപയോഗിച്ചത് ഈ AIM-120 അമ്രാം മിസൈലുകളാണ്. ഈ ആക്രമണത്തിൽ ഇന്ത്യയുടെ ഒരു മിഗ്-21 ബൈസൺ വിമാനം പാകിസ്‌താന് വീഴ്ത്തിയിരുന്നു.
യുഎസ് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി നിർമിച്ച ഈ മിസൈൽ 1992-ൽ ഒരു ഇറാഖി മിഗ്-25 വിമാനം തകർക്കാനാണ് യുഎസ് ആദ്യമായി ഉപയോഗിച്ചത്. ഇപ്പോൾ യുഎസിന്റെ സഖ്യകക്ഷികൾക്കും ലഭ്യമാക്കുന്നുണ്ട്. ടു-വേ ഡാറ്റാ ലിങ്ക്, ജിപിഎസ് പിന്തുണയുള്ള നാവിഗേഷൻ, മെച്ചപ്പെട്ട പ്രോസസിങ് ശേഷി, പുതിയ സർക്യൂട്ട് ബോർഡ് എന്നിവയാണ് AIM-120C-8-ന്റെ മറ്റ് സവിശേഷതകൾ. പാകിസ്‌താന് വിൽക്കുന്ന AIM-120C-8, D-3 പതിപ്പുകൾ പാകിസ്‌താന്റെ എഫ്-16 വിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്നവയാണ്.