വാഷിംങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീൻ എഴുതിയതെന്ന പേരിൽ പ്രചരിച്ച കത്ത് വ്യാജമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ). കത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്ന അവകാശവാദവും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച X-ൽ പുറത്തിറക്കിയ കുറിപ്പിൽ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) കത്ത് പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി DOJ അറിയിച്ചു.
ജയിലിൽ ലഭിച്ച ഈ രേഖ അന്നുതന്നെ FBIയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും വകുപ്പ് വ്യക്തമാക്കി. രേഖകൾ പൊതുജനങ്ങൾക്ക് പുറത്തുവിടുന്നത് അതിലെ ആരോപണങ്ങൾ ശരിയാണെന്നതിന് തെളിവാകില്ലെന്നും എന്നാൽ നിയമപ്രകാരം ആവശ്യമായ രേഖകൾ പുറത്തു തുടരുമെന്നും അധികൃതർ അറിയിച്ചു.2019 ഓഗസ്റ്റ് 13 ലെ കത്ത്, എപ്‌സ്റ്റീൻ മുൻ ഒളിംപിക് ജിംനാസ്റ്റിക്സ് പരിശീലകനും ശിക്ഷിക്കപ്പെട്ട ലൈംഗിക പീഡകനുമായ ലാറി നാസറിന് എഴുതിയതെന്ന തരത്തിലായിരുന്നു. ഇതിൽ ട്രംപിനെ കുറിച്ച് വിവാദപരമായ പരാമർശങ്ങളും ഉൾപ്പെട്ടിരുന്നു.
അതേസമയം, എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് അധിക രേഖകൾ DOJ പുറത്തുവിട്ടിട്ടുണ്ട്. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് പ്രകാരം, പുതിയ രേഖകളിൽ ട്രംപിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും, എപ്‌സ്റ്റീൻ കേസിൽ വലിയ ഞെട്ടൽ ഉണ്ടാക്കുന്ന പുതിയ വിവരങ്ങൾ ഇതിലൂടെ പുറത്തുവരുന്നില്ല. ട്രംപും എപ്‌സ്റ്റീനും വർഷങ്ങളോളം സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് അകന്നതായി റിപ്പോർട്ടുകൾ പറയുന്നു.
എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഇതുവരെ യാതൊരു കുറ്റാരോപണവും ഉന്നയിച്ചിട്ടില്ല. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് FBIക്ക് ലഭിച്ച ചില രേഖകളിൽ ട്രംപിനെതിരെ അടിസ്ഥാനരഹിതവും തെറ്റായതുമായ ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്നും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കുന്നതിനായാണ് രേഖകൾ പൊതുജനങ്ങൾക്ക് പുറത്തുവിട്ടതെന്നും DOJ അറിയിച്ചു.
രേഖകൾ പുറത്തുവന്നതിന് പിന്നാലെ, ഇത് അനാവശ്യ വിവാദമാണെന്ന് ട്രംപ് പ്രതികരിച്ചു. ഫ്‌ളോറിഡയിലെ മാർ-എ-ലാഗോയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻ നേതാക്കളുമാണ് വിവാദം ശക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എപ്‌സ്റ്റീനുമായി നേരിട്ട് ബന്ധമില്ലാത്ത ചില പ്രശസ്തരുടെ ചിത്രങ്ങൾ രേഖകളിൽ ഉൾപ്പെട്ടതിൽ ദുഖമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
US Department of Justice says Epstein letter referencing Trump is fake









