അമേരിക്കയിൽ നിന്ന് 16 വർഷങ്ങൾക്കിടയിൽ ആദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് 2025 ൽ

ദില്ലി: 16 വർഷങ്ങൾക്കിടയിൽ ആദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയത് 2025 ൽ. അമേരിക്കയിൽ നിന്ന് 2025ൽ മാത്രം 3258 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. 2009 മുതൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയ ആകെ ഇന്ത്യക്കാരുടെ എണ്ണം 18822 ആണ്. രാജ്യ സഭയിലാണ് കേന്ദ്ര സർക്കാർ കണക്കുകൾ നൽകിയത്. എം പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് സഭയെ ഇക്കാര്യം അറിയിച്ചത്. നാടുകടത്തപ്പെടുന്ന ഇന്ത്യക്കാർക്ക് മോശമായ അനുഭവങ്ങൾ നേരിടാതിരിക്കാൻ അമേരിക്കയിലെ അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കുട്ടികളേയും സ്ത്രീകളേയും വിലങ്ങുകളും ചങ്ങലയും ഇടാതെ തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമാജ്വാദി പാർട്ടി എംപി രാംജി ലാൽ സുമം ആണ് അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടെ കണക്കുകൾ ആവശ്യപ്പെട്ടത്.

അനധികൃതമായി വിദേശത്തേക്ക് ആളുകളെ കൊണ്ടുപോവുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർക്കെതിരെയും നടപടികൾ സ്വീകരിച്ചതായും എൻഐഎ 27 മനുഷ്യക്കടത്ത് സംഭവങ്ങൾ അന്വേഷിച്ചതായും 169 പേരെ അറസ്റ്റ് ചെയ്തതായും വിദേശകാര്യ മന്ത്രി വിശദമാക്കി. മനുഷ്യക്കടത്ത് തടയാൻ ലക്ഷ്യമിട്ട് പ്രത്യേക വിഭാഗം എൻഐഎ ആരംഭിച്ചതായും ഹരിയാനയിലും പഞ്ചാബിലുമായി രണ്ട് പ്രമുഖ പ്രതികളെ അറസ്റ്റ് ചെയ്തതായും കേന്ദ്ര മന്ത്രി സഭയെ അറിയിച്ചു. അനധികൃതമായി അമേരിക്കയിലെത്തിയവരും വിസാ കാലം കഴിഞ്ഞ് അമേരിക്കയിൽ തുടർന്നവരെയുമാണ് അമേരിക്ക നാട് കടത്തുന്നതെന്നും നാടുകടത്തൽ വിഷയത്തിൽ അമേരിക്കൻ അധികൃതരുമായി നേരിട്ട് ഇടപെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ജനുവരി മുതൽ നവംബർ 28 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഇതിൽ 2032 പേരെ തിരിച്ച് അയച്ചത് സാധാരണ വിമാനങ്ങളിലാണെന്നും 1226 പേരെയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ വിമാനങ്ങളിൽ എത്തിച്ചത്. 2009ൽ 734 പേരെയും 2016ൽ 1303 പേരെയും 2019ൽ 2042 പേരെയുമാണ് നാട് കടത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ നാടു കടത്തപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും സാവധാനം ഉയർന്നുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2024ൽ 1368 ഇന്ത്യക്കാരെയാണ് നാടുകടത്തിയതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

More Stories from this section

family-dental
witywide