
വാഷിംഗ്ടണ്‍: ഭയാനകമായ ഭൂകമ്പത്തില്‍ തകര്‍ന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ മ്യാന്‍മറിന് സഹായവുമായി അമേരിക്ക. പട്ടാള ഭരണമുള്ള മ്യാന്‍മറില്‍ നിന്നും സഹായ അഭ്യര്‍ത്ഥന ലഭിച്ചുവെന്നും അമേരിക്ക മ്യാന്‍മറിനെ സഹായിക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
‘ഇത് ഭയാനകമാണ്, വളരെ മോശമായ ഒന്നാണ്, ഞങ്ങള്‍ സഹായിക്കും. ഞങ്ങള്‍ ഇതിനകം രാജ്യവുമായി സംസാരിച്ചു കഴിഞ്ഞു’. മ്യാന്‍മറിന്റെ സൈനിക ഭരണാധികാരികളുടെ ആവശ്യത്തോട് പ്രതികരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് ഓവല്‍ ഓഫീസില്‍ മറുപടി പറയവെയാണ് ഈ പ്രതികരണം.
വെള്ളിയാഴ്ച മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 150ലധികം പേര്‍ കൊല്ലപ്പെടുകയും എഴുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മര്‍ ഭരണകൂട മേധാവി മിന്‍ ഓങ് ഹ്ലെയിംഗ് നേരത്തെ സംസ്ഥാന മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത ഒരു പ്രസംഗത്തില്‍ ഏത് രാജ്യത്തിനും ഏത് സംഘടനയ്ക്കും തങ്ങളെ സഹായിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
സൈന്യം അധികാരം പിടിച്ചെടുക്കുന്നതിനെത്തുടര്‍ന്നുണ്ടായ നാല് വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തില്‍ മ്യാന്‍മറിന്റെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സംരക്ഷണ സംവിധാനവും തകര്‍ന്നു. ഭൂകമ്പം വന്‍ നാശനഷ്ടം വിതച്ചപ്പോള്‍ നേരിടാന്‍ പ്രതിരോധ സംവിധാനങ്ങളോ സാമ്പത്തിക ശേഷിയോ ഇപ്പോള്‍ രാജ്യത്തിനില്ല.