
ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള ബന്ധം ‘ഫലപ്രദവും ദൂരവ്യാപകവുമാണെന്ന്’ വിശേഷിപ്പിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, യുഎസും ഇന്ത്യയും ആധുനിക വെല്ലുവിളികളെ നേരിടുകയും ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായം, നവീകരണം, നൂതന സാങ്കേതികവിദ്യകള്‍, ബഹിരാകാശം എന്നിവയിലുള്‍പ്പെടെ പരസ്പരം ബന്ധം പുലര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ചരിത്രപരമായ ബന്ധം അനന്തരഫലവും ദൂരവ്യാപകവുമാണ്. കൂടുതല്‍ സമാധാനപരവും സമൃദ്ധവും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഞങ്ങളുടെ കാഴ്ചപ്പാട് ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നു,’ റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു.
‘ഞങ്ങളുടെ പങ്കാളിത്തം വ്യവസായങ്ങളെ വ്യാപിപ്പിക്കുന്നു, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ അതിരുകള്‍ മാറ്റുന്നു, ബഹിരാകാശത്തേക്ക് വ്യാപിക്കുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇന്ത്യയും ഇന്നത്തെ ആധുനിക വെല്ലുവിളികളെ നേരിടുകയും ഇരു രാജ്യങ്ങള്‍ക്കും ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യക്കെതിരായ വ്യാപാരം യുദ്ധം അമേരിക്ക കടുപ്പിച്ചിരിക്കുകയാണ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ നേരിടേണ്ടി വരുന്നത്. വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ തീരുവ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലൂടെയാണ് ഇന്നത്തെ സ്വാതന്ത്ര്യ ദിനം കടന്നുപോകുന്നത്.