
സാൻ ഫ്രാൻസിസ്കോ: ഷട്ട്ഡൗണിനിടെ ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്‌ജിയുടെ താൽക്കാലിക വിലക്ക്. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച കേസിലാണ് ജില്ലാ ജഡ്‌ജി സൂസൻ ഇൽൺ വിലക്കേർപ്പെടുത്തിയത്. ട്രംപ് ഭരണകൂടം പ്രതിസന്ധി മുതലെടുത്ത് നിയമങ്ങൾ ബാധകമല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന യൂണിയനുകളുടെ വാദവും കോടതി അംഗീകരിച്ചു.
ഇതോടെ, ഇതിനകം അയച്ചതും ഇനി അയക്കാൻ ഉദ്ദേശിക്കുന്നതുമായ പിരിച്ചുവിടൽ നോട്ടിസുകൾ നടപ്പിലാക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തിനെ താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. ഫെഡറൽ ഏജൻസികളിൽ നിന്ന് 10,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ നീക്കം നിയമവിരുദ്ധമാണെന്നും ജീവനക്കാരെ രാഷ്ട്രീയപരമായി ശിക്ഷിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ കോടതിയെ സമീപിച്ചത്.