
വാഷിങ്ടണ്‍: അമേരിക്കൻ വിമാന ദുരന്തത്തിൽ തോരാത്ത കണ്ണിരായി ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരും പരിശീലകരുമായ റഷ്യന്‍ ദമ്പതികളും. മുന്‍ ലോക ചാംപ്യന്‍മാരായ യെവ്‌ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരും അപകടത്തിൽ മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു.
1994ല്‍ ഫിഗര്‍ സ്‌കേറ്റിങില്‍ ലോക ചാംപ്യന്‍മാരായിരുന്നു. 1998 മുതല്‍ ഇരുവരും അമേരിക്കയിലാണ് താമസം. അമേരിക്കന്‍ സ്‌കേറ്റിങ് താരവും ഇവരുടെ മകനുമായ മാക്‌സിമും വിമാനത്തിലുണ്ടായിരുന്നുവെന്നു സംശയിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച താരങ്ങളായിരുന്നു ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് ദമ്പതികള്‍.
അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയില്‍ പതിച്ചത്.
വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം. അമേരിക്കന്‍ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.