അമേരിക്കയിൽ ഷട്ട്‌ഡൗണിൽ നിർണായക ദിനം, സെനറ്റിൽ ഇന്ന് വോട്ടെടുപ്പ്; ചർച്ച പാളിയെന്ന് റിപ്പോർട്ട്, ഷട്ട്ഡൗൺ തുടർന്നേക്കും

വാഷിംഗ്ടൺ: അമേരിക്കൻ സർക്കാർ ഷട്ട്‌ഡൗൺ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, പരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. ഒക്ടോബർ 1 മുതൽ ആരംഭിച്ച ഷട്ട്‌ഡൗൺ നാലാം ദിവസത്തിലേക്ക് നീങ്ങുന്നതോടെ, ദേശീയ സുരക്ഷ, ആരോഗ്യ പദ്ധതികൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. ധന അനുമതി ബിൽ പാസാക്കുന്നതിനായി സെനറ്റിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കാനിരിക്കെ, റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് കക്ഷികൾ തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതായി റിപോർട്ടുകൾ. ഇതോടെ, ബിൽ പാസാകാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്, ഷട്ട്‌ഡൗൺ നീണ്ടുനിൽക്കാനും ഇടയുണ്ട്.

സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി ബിൽ പാസാകാത്തതാണ് ഷട്ട്‌ഡൗണിന് കാരണം. ഒക്ടോബർ 1-ലെ വോട്ടെടുപ്പിൽ സെനറ്റിൽ സമവായം ഉണ്ടാകാതിരുന്നതോടെ, അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചു. ഇത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ 1-ന് മുമ്പ് പാസാക്കേണ്ടതാണ് അമേരിക്കയിലെ രീതി. എന്നാൽ, ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റുകളും തമ്മിൽ ധാരണയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

ട്രംപ് ഭരണകൂടത്തിന്റെ അവസാന ശ്രമങ്ങളും വിജയിക്കാത്തതിനാൽ, ഷട്ട്‌ഡൗൺ തുടരാനുള്ള സാധ്യത വർധിക്കുകയാണ്. സെനറ്റിലെ ഇന്നത്തെ വോട്ടെടുപ്പ് നിർണായകമാണെങ്കിലും, റിപ്പോർട്ടുകൾ പ്രകാരം, ബിൽ പാസാകാനുള്ള സാധ്യത കുറവാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണമാക്കും. ഷട്ട്‌ഡൗൺ നീളുന്നത് സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

More Stories from this section

family-dental
witywide