
വാഷിംഗ്ടണ്‍ : പുതുതായി അധികാരമേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശരവേഗത്തില്‍ പായുകയാണ്. അനധികൃത കുടിയേറ്റക്കാരെ വലിയ തോതില്‍ അറസ്റ്റുചെയ്യുന്നതിനും നടപടികള്‍ വേഗത്തിലാക്കാനും ആഴ്ചയില്‍ മൂന്ന് നഗരങ്ങളില്‍ പ്രധാന ഇമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തനാല്‍ ലക്ഷ്യമിടുകയാണെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) വ്യക്തമാക്കുന്നു.
ഉടന്‍തന്നെ കൊളറാഡോയിലെ അറോറയും നടപടിയുടെ കീഴില്‍ വരുമെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഞായറാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനില്‍ ഈ ആഴ്ച ഇതുവരെ, ഐസിഇ ഏജന്റുമാരും മറ്റ് ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളും ചിക്കാഗോയിലും ന്യൂയോര്‍ക്ക് സിറ്റിയിലുമായി നിരവധി അറസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ ഒരു ഓപ്പറേഷനായി ഉദ്യോഗസ്ഥര്‍ അറോറയിലേക്ക് എത്തുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡെന്‍വറിന് ഏകദേശം 40 മിനിറ്റ് അകലെയുള്ള അറോറ, ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു,
അറോറയെ ‘വെനിസ്വേല ബാധിച്ചിരിക്കുന്നു’ എന്ന് ട്രംപ് ആരോപിച്ചിരുന്നു. അതിനുള്ള പ്രധാനകാരണം ഒരു വെനിസ്വേലന്‍ സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു. എന്നാല്‍ അറോറ നഗര ഉദ്യോഗസ്ഥര്‍ ട്രംപിന്റെ ഈ വാദം തള്ളിക്കളയുകയും അറോറ ‘വളരെ സുരക്ഷിതമാണ്’ എന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, കൂട്ട നാടുകടത്തല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടുതല്‍ കുടിയേറ്റക്കാരെ പിടികൂടുന്നതിനുമായി ഐസിഇയ്ക്ക് അവരുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, മറ്റ് ഏജന്‍സികളില്‍ നിന്നുള്ള ചില ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്റുമാരും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.
ഞായറാഴ്ച, ആക്ടിംഗ് ഐസിഇ ഡയറക്ടര്‍ കാലേബ് വിറ്റെല്ലോ, ഐസിഇയുടെ ഫീല്‍ഡ് ഓഫീസുകളുടെ ഉന്നതനേതാക്കള്‍ക്ക് അവരുടെ ദൈനംദിന അറസ്റ്റ് 1,200 മുതല്‍ 1,500 വരെയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.