
അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് കൊണ്ടുവന്ന പുതിയ ഇമിഗ്രേഷൻ പരിഷ്കാരങ്ങൾ ഡിസംബർ 26 മുതൽ ഔദ്യോഗികമായി നിലവിൽ വന്നു. ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് ഇനി മുതൽ യുഎസ് അതിർത്തികളിൽ കർശനമായ ബയോമെട്രിക് പരിശോധനകൾ നേരിടേണ്ടി വരും. പുതിയ നിയമപ്രകാരം യാത്രക്കാരുടെ ഫോട്ടോ, വിരലടയാളം, ഐറിസ് സ്കാൻ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇളവുകൾ ലഭിച്ചിരുന്ന 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ളവർക്കും ഇനി ഈ പരിശോധനകൾ ബാധകമായിരിക്കും. അഫ്ഗാനിസ്ഥാൻ, ഹെയ്തി, വെനസ്വേല തുടങ്ങി സുരക്ഷാ ഭീഷണിയുള്ള രാജ്യങ്ങളായി അമേരിക്ക അടയാളപ്പെടുത്തിയ 19 രാഷ്ട്രങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് അപേക്ഷകർക്കും ഉടമകൾക്കും അതീവ ജാഗ്രതയോടെയുള്ള സ്ക്രീനിംഗും പുനഃപരിശോധനയും ഉണ്ടാകും.
ഡോണൾഡ് ട്രംപ് ഭരണകൂടം ദേശീയ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ വരും വർഷങ്ങളിൽ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പൂർണ്ണമായി നടപ്പിലാക്കും. പരിശോധനകൾ കർശനമാക്കുന്നതിനാൽ യാത്രക്കാർ കൃത്യമായ രേഖകൾ കൈവശം വെക്കണമെന്നും നടപടിക്രമങ്ങളിൽ താമസം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പ്രായപരിധിയിൽ ഇളവില്ല
നേരത്തെ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ളവർക്കും ബയോമെട്രിക് പരിശോധനകളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം എല്ലാ പ്രായക്കാർക്കും ഈ പരിശോധനകൾ ബാധകമാണ്. ഫോട്ടോ കൂടാതെ ആവശ്യമായ ഘട്ടങ്ങളിൽ വിരലടയാളം, ഐറിസ് സ്കാൻ എന്നിവയും കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ ശേഖരിക്കും. ‘ട്രാവലർ വെരിഫിക്കേഷൻ സർവീസ്’ വഴി ഈ വിവരങ്ങൾ യാത്രാ രേഖകളുമായി ഒത്തുനോക്കും.
19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക നിരീക്ഷണം
അഫ്ഗാനിസ്ഥാൻ, ഹെയ്തി, വെനസ്വേല, ഇസ്രായേൽ തുടങ്ങിയ പട്ടികയിലുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് ഉടമകളുടെ രേഖകൾ അതീവ സൂക്ഷ്മമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ യാത്രാ പശ്ചാത്തലം ഉദ്യോഗസ്ഥർ വിശദമായി ചോദിച്ചറിയും.
മുമ്പ് വിദേശ നയതന്ത്രജ്ഞർക്ക് നൽകിയിരുന്ന ചില ബയോമെട്രിക് ഇളവുകൾ പുതിയ ഉത്തരവിലൂടെ റദ്ദാക്കി.
വിദേശ പൗരന്മാരുടെ ഡാറ്റ 75 വർഷം വരെ സൂക്ഷിക്കും
യുഎസ് പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ 12 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുമെങ്കിലും, വിദേശ പൗരന്മാരുടെ ഡാറ്റ 75 വർഷം വരെ ഡിപ്പാർട്ട്‌മെന്റ് സൂക്ഷിക്കും. വിമാനത്താവളങ്ങൾ, കപ്പൽ തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവിടങ്ങളിൽ ഈ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. കടുത്ത പരിശോധനകൾ കാരണം അതിർത്തി കടക്കുന്നതിന് കൂടുതൽ സമയമെടുത്തേക്കാം എന്നതിനാൽ യാത്രക്കാർ കൃത്യമായ രേഖകൾ കരുതി നേരത്തെ എത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.












