
വാഷിംഗ്ടൺ : ഇറാനിൽ നിന്നും എണ്ണ, ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) എന്നിവ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള 50 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുകയാണെന്ന് യുഎസ് ട്രഷറിയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ (ഒഎഫ്‌എസി) അറിയിച്ചു. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് പുറമേ, ഇതിൽ ഒരു ചൈനീസ് സ്വതന്ത്ര ശുദ്ധീകരണശാലയും ടെർമിനലും ഉൾപ്പെടുന്നു.
എണ്ണ ശൃംഖലകളിൽ നിന്നുള്ള വരുമാനം വഴി ഇറാൻ തങ്ങളുടെ ആണവ, മിസൈൽ പദ്ധതികൾക്ക് ധനസഹായം നേടുന്നുവെന്നും, മിഡിൽ ഈസ്റ്റിലെ തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് വിശ്വസിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ട്.
ഉപരോധങ്ങൾ വരുന്നതോടെ ഇറാനിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
ഇറാനിയൻ എണ്ണ വിപണനം തടയുക, സാമ്പത്തികമായി സമ്മർദ്ദം ചെലുത്തുക, ആണവായുധ ശേഖരണം തടയുക എന്നിവയാണ് അമേരിക്കൻ ഉപരോധത്തിന്റെ ലക്ഷ്യങ്ങൾ. ഇറാനിയൻ എണ്ണ വ്യാപാരത്തിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സ്റ്റോപ്പ് ഹാർബറിംഗ് ഇറാനിയൻ പെട്രോളിയം ആക്‌ട് (SHIP ആക്ട്) പോലുള്ള നിയമങ്ങൾ അമേരിക്ക നടപ്പാക്കുന്നു.