
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ പ്രതിനിധികൾ തിങ്കളാഴ്ച വിശദീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെയും പ്രതിനിധികളാണ് ഇന്ത്യയുടെ വിദേശനയത്തിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തരൂർ അടക്കമുള്ള പാനലിനു മുന്നിൽ വിശദീകരണം നൽകുക. ഇതില്‍ യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളും താരിഫുകളും പ്രത്യേകമായി പരാമര്‍ശിക്കും.
ഇന്ത്യയ്ക്കെതിരെ ഇരട്ട ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനവും, അത് ഒരു ഭൗമരാഷ്ട്രീയ മത്സരത്തിലേക്ക് തള്ളിവിട്ടതായും വിദേശകാര്യ മന്ത്രാലയം യോഗത്തിന് മുമ്പ് പാര്‍ലമെന്ററി പാനലിനോട് പറഞ്ഞു. വിശ്വാസം നഷ്ടപ്പെട്ടിട്ടും, യുഎസുമായി ക്രിയാത്മകമായി ഇടപഴകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
യുഎസ് അധിക തീരുവയ്‌ക്കെതിരെ പ്രതികരിച്ച ശശീതരൂര്‍ എംപി, ഇന്ത്യ അതിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. ‘സംഭവിക്കുന്നത് ആശങ്കാജനകമാണ്. നമുക്ക് അടുത്ത ബന്ധമുള്ള, തന്ത്രപരമായ പങ്കാളികളായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണിത്. ആ രാജ്യം അതിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍, ഇന്ത്യ പല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരും… ഒരുപക്ഷേ വരുന്ന രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍, നമുക്ക് ചര്‍ച്ചകള്‍ നടത്തി ഒരു വഴി കണ്ടെത്താനാകും. ഇന്ത്യ സ്വന്തം താല്‍പ്പര്യങ്ങള്‍ കൂടി നോക്കേണ്ടിവരും,’- എന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്.











