
വാഷിംഗ്ടണ്‍ : പലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഒരു സ്വതന്ത്ര അന്വേഷകയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും വേണ്ടിയുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെയാണ് യുഎസ് നടപടി. ഇവരെ സ്ഥാനത്തുനിന്ന് നീക്കാന്‍ യുഎന്നിനെ നിര്‍ബന്ധിക്കാനുള്ള യുഎസ് സമ്മര്‍ദ്ദ തന്ത്രം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. ഗാസയിലെ ഇസ്രായേലിന്റെ 21 മാസത്തെ യുദ്ധത്തെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കാനുള്ള അമേരിക്കയുടെ ഏറ്റവും പുതിയ ശ്രമമായിട്ടാണ് ഈ നീക്കം വിമര്‍ശിക്കപ്പെടുന്നത്.
ഗാസയിലെ യുദ്ധത്തെക്കുറിച്ചടക്കം പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവ വികാസം.
ഉപരോധങ്ങളുടെ പ്രായോഗിക ആഘാതം എന്തായിരിക്കുമെന്നും സ്വതന്ത്ര അന്വേഷകയ്ക്ക് നയതന്ത്ര രേഖകളുമായി യുഎസിലേക്ക് പോകാന്‍ കഴിയുമോ എന്നതും വ്യക്തമല്ല.
ഗാസയിലെ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയത് ‘വംശഹത്യ’ ആണെന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയന്‍ മനുഷ്യാവകാശ അഭിഭാഷകയായ അല്‍ബനീസ് ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇസ്രായേലും അവരുടെ അടുത്ത സഖ്യകക്ഷിക്ക് സൈനിക പിന്തുണ നല്‍കുന്ന യുഎസും ഈ ആരോപണം ശക്തമായി നിഷേധിച്ചു.