
വാഷിംഗ്ടണ്‍: ഇന്ത്യയും റഷ്യയും തമ്മിൽ കൂടുതൽ അടുപ്പം കാണിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ശക്തമായി വിമർശിച്ച് യുഎസ് കോൺഗ്രസ് അംഗവും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ് രംഗത്തെത്തി. ഇപ്പോൾ അമേരിക്കയിൽ തന്നെ വലിയ ചർച്ചയാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും ഇന്ത്യൻ സന്ദർശന വേളയിൽ ഒരു കാറിനുള്ളിൽ ഇരുന്നെടുത്ത സെൽഫിയാണ്.
ഇത് സാധാരണ സെൽഫി മാത്രമല്ല, ആയിരം വാക്കുകൾ പറയുന്ന ഒരു ചിത്രമാണെന്ന് കാംലഗർ-ഡവ് ചൂണ്ടിക്കാട്ടി.
ഇതിന്റെ പിന്നിൽ ട്രംപ് ഭരണകൂടത്തിന്റെ ഇന്ത്യയോടുള്ള തെറ്റായ നയങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ ഭരണം ഇന്ത്യയുമായുള്ള ബന്ധത്തെ തകർത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായ ഉയർന്ന തീരുവകളും കർശന വിസാ നിയന്ത്രണങ്ങളും രണ്ട് രാജ്യങ്ങൾക്കിടയിലെ വിശ്വാസം ഇല്ലാതാക്കി.
നമ്മുടെ സുഹൃത്തുക്കളെ എതിരാളികളോട് അടുപ്പിച്ചാൽ ട്രംപിന് നൊബേൽ സമ്മാനം ലഭിക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുമായി നഷ്ടമായ വിശ്വാസവും ബന്ധവും വീണ്ടെടുക്കാൻ ഉടൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യ-റഷ്യ അടുപ്പം അമേരിക്കയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്ത്രപരമായി പ്രധാനപ്പെട്ട ഒരു പങ്കാളിയെയാണ് അമേരിക്ക കൈവിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഡൻ ഭരണകാലത്ത് ഇന്ത്യയുമായി വളരെ ചൂടേറിയതും ശക്തവുമായിരുന്നു ബന്ധം. ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം എല്ലാം മാറി. ഇന്ത്യയ്ക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയതും എച്ച്-1ബി വിസയ്ക്ക് ഈടാക്കിയ വൻ ഫീസും മോദിയും ട്രംപും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത പോലും ഇല്ലാതാക്കി. റഷ്യയുമായി അടുപ്പമുള്ള രാജ്യങ്ങളെ ശകാരിക്കുന്ന ട്രംപ് തന്നെ പിന്നിൽ കൂടി പുട്ടിനുമായി ചർച്ച നടത്തുന്നുവെന്നും കാംലഗർ-ഡവ് ആരോപിച്ചു.












