റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്‌നിലേക്കുള്ള സമാധാന പദ്ധതിയെക്കുറിച്ച് അമേരിക്കൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെങ്കിലും എളുപ്പമല്ലെന്ന് പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി ഞായറാഴ്ച അറിയിച്ചു. അടുത്ത ദിവസങ്ങളിൽ യൂറോപ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചകൾക്ക് മുൻപായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശനിയാഴ്ച സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമായും ടെലിഫോൺ സംഭാഷണം നടത്തി. തിങ്കളാഴ്ച ലണ്ടനിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നുമാണ് റിപ്പോർട്ട്. തുടർന്ന് ബ്രസ്സൽസിലും ചർച്ചകൾ നടക്കും.
അമേരിക്കൻ പ്രതിനിധികൾക്ക് യുക്രെയ്‌നിന്റെ അടിസ്ഥാന നിലപാടുകൾ അറിയാം. ചർച്ച ക്രിയാത്മകമായിരുന്നു, പക്ഷേ എളുപ്പമൊന്നുമല്ലെന്ന് സെലൻസ്കി തന്റെ രാത്രികാല പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ വിദേശ നയ വെല്ലുവിളിയാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. നാലാം വർഷത്തിലേക്ക് കടന്ന ഈ യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും രൂക്ഷമായ സംഘർഷമായി തുടരുകയാണ്.
യു.എസ്. മധ്യസ്ഥതയും ഇടയ്ക്കിടെയുള്ള ഉന്നതതല ചർച്ചകളും നടന്നിട്ടും സമാധാന പ്രക്രിയയിൽ വലിയ പുരോഗതി കൈവരിച്ചിട്ടില്ല. കീവിന് സുരക്ഷാ ഉറപ്പുകൾ നൽകുന്നതും റഷ്യ അധീനപ്പെടുത്തിയ പ്രദേശങ്ങളുടെ നിലപാടുമൊക്കെയാണ് പ്രധാന തർക്കങ്ങൾ. ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണെന്ന് മോസ്കോ അവകാശപ്പെടുമ്പോൾ, യുക്രെയ്‌നും അതിന്റെ സഖ്യങ്ങളും റഷ്യ സമയം കളയുകയാണെന്നും നയതന്ത്ര ചർച്ചകളെ ഉപയോഗിച്ച് നിലപാടുകൾ ഉറപ്പാക്കുകയാണെന്നും ആരോപിക്കുന്നു.
ദീർഘകാല സുരക്ഷാ ഉറപ്പുകളും തുടർച്ചയായ സൈനിക പിന്തുണയും ഉൾപ്പെടുത്തിയ ഘട്ടംഘട്ടമായ സമാധാന മാർഗരേഖയെ യൂറോപ്യൻ നേതാക്കൾ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ട്രംപ് വേഗത്തിലുള്ള കരാർ ശ്രമങ്ങൾക്കും ചെലവിന്റെ പങ്കുവെയ്ക്കലിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. യു.എസ്. രാഷ്ട്രീയ സാഹചര്യമാറ്റങ്ങൾ ചർച്ചയെ എപ്പോഴും ഇല്ലാതാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
US peace talks: Zelenskyy says constructive but not easy










