” ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്‌ഫോടനം, ഒരിക്കലും മറക്കാത്ത നിമിഷം” ഇറാന്റെ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് പൈലറ്റ്

വാഷിംഗ്ടണ്‍ : അമേരിക്ക ഇറാന്റെ ആണവ കേന്ദ്രത്തില്‍ ബോബിട്ട നിമിഷം മറക്കാനാവാത്തതെന്ന് യുഎസ് വ്യോമസേന പൈലറ്റ്. ഇറാന്റെ ഫോര്‍ഡോയിലെ ഭൂഗര്‍ഭ ആണവ കേന്ദ്രത്തിന് മുകളില്‍ 14,000 കിലോഗ്രാം ഭാരമുള്ള ബോംബാണ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനത്തില്‍ നിന്നും ഇട്ടത്.

”ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും തിളക്കമുള്ള സ്‌ഫോടനമായിരുന്നു. രാത്രിയില്‍ പകല്‍ വെളിച്ചം പോലെ തോന്നി” – ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്നറിയപ്പെടുന്ന അതീവ രഹസ്യ ദൗത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈലറ്റിന്റെ ഈ വാക്കുകള്‍. ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളും പൈലറ്റുമാരുടെ അനുഭവവും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നാണ് വിവരിച്ചത്.

ജൂണ്‍ 21 ന് അമേരിക്ക നടത്തിയ ഈ ആക്രമണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പെന്റഗണാണ് പുറത്തുവിട്ടത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളുടെ സൂക്ഷ്മമായ തയ്യാറെടുപ്പിലൂടെയാണ് അമേരിക്ക ഈ ഓപ്പറേഷന്‍ അതീവരഹസ്യമായി നടത്തിയത്.

ദൗത്യത്തിനു ശേഷം പൈലറ്റുമാര്‍ തിരിച്ചെത്തുമോ എന്ന് പോലും അറിയാതെയാണ് യുദ്ധവിമാനം പറന്നുയര്‍ന്നതെന്ന് ഒരു കമാന്‍ഡര്‍ തന്നോട് പറഞ്ഞതായി കെയ്ന്‍ ഓര്‍മ്മിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷന്‍ ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ മൂന്നെണ്ണത്തില്‍, ഫോര്‍ഡോ ആയിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യം, ഒരു പര്‍വതത്തിനുള്ളില്‍ ആഴത്തിലുള്ളതും മിക്കവാറും എല്ലാ പരമ്പരാഗത ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ശക്തിയുള്ളതുമായിരുന്നു ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രത്യേകത. അത് തകര്‍ക്കല്‍ യുഎസ് സൈന്യത്തിന് ഭാരിച്ച ദൗത്യമായിരുന്നു. ഇത് തകര്‍ക്കാന്‍ യുഎസ് 14,000 കിലോഗ്രാം ഭാരമുള്ള, സ്റ്റീല്‍ കൊണ്ട് പൊതിഞ്ഞ ബോംബാണ് ഉപയോഗിച്ചത്.

ആറ് ബോംബുകളും ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ പതിച്ചതായി കെയ്ന്‍ പറഞ്ഞു. വ്യോമസേനയില്‍ നിന്നും മിസോറി എയര്‍ നാഷണല്‍ ഗാര്‍ഡില്‍ നിന്നുമുള്ള ബോംബര്‍ ക്രൂകള്‍ ദൗത്യത്തിനായി പങ്കെടുത്തു. ജൂണ്‍ 20 വെള്ളിയാഴ്ച അവര്‍ പുറപ്പെടുകയും 22 ഞായറാഴ്ച അവര്‍ തിരിച്ചെത്തുകയും ചെയ്തു.

ഇറാനിലെ ആക്രമണം യുഎസ് സൈന്യത്തിന്റെ കൃത്യത, ആസൂത്രണം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, എതിരാളികള്‍ക്കുള്ള കര്‍ശന മുന്നറിയിപ്പായും ഇത് പ്രശംസിക്കപ്പെട്ടു.

More Stories from this section

family-dental
witywide