
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ പേരിൽ പുതിയ തരം യുദ്ധകപ്പലുകൾ പ്രഖ്യാപിച്ചു. ‘ട്രംപ്-ക്ലാസ്’ (Trump-class) എന്ന പുതിയ തരം യുദ്ധക്കപ്പലുകളാണ് വരാൻ പോകുന്നതെന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ചാണ് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, നേവി സെക്രട്ടറി ജോൺ ഫീലൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.
ഈ വിഭാഗത്തിലെ ആദ്യ കപ്പൽ ‘യുഎസ്എസ് ഡീഫയന്റ്’ (USS Defiant) എന്നറിയപ്പെടും. ഇത് ‘ട്രംപ്-ക്ലാസ്’ യുദ്ധക്കപ്പലുകളുടെ ആദ്യ പതിപ്പായിരിക്കും. അമേരിക്കൻ നാവികസേനയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ട്രംപ് വിഭാവനം ചെയ്ത ‘ഗോൾഡൻ ഫ്ലീറ്റ്’ പദ്ധതിയുടെ കേന്ദ്രബിന്ദുവായിരിക്കും ഈ കപ്പലുകൾ.
മുൻപത്തെ കപ്പലുകളേക്കാൾ നൂറിരട്ടി കരുത്തുള്ളതാകും ഇവയെന്നും ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ യുദ്ധക്കപ്പലുകളായിരിക്കും ഇതെന്നും ട്രംപ് അവകാശപ്പെടുന്നു. മാത്രമല്ല, ഹൈപ്പർസോണിക് മിസൈലുകൾ, ആണവായുധങ്ങൾ വഹിക്കാവുന്ന ക്രൂയിസ് മിസൈലുകൾ, ലേസർ ആയുധങ്ങൾ എന്നിവ ഈ കപ്പലുകളിൽ സജ്ജീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനങ്ങൾ കപ്പലിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കും. മനുഷ്യർ പ്രവർത്തിപ്പിക്കുന്നതും അല്ലാത്തതുമായ വിമാനങ്ങളെയും കപ്പലുകളെയും നിയന്ത്രിക്കാനുള്ള ഒരു കമാൻഡ് സെന്ററായി ഇത് പ്രവർത്തിക്കും.
ഏകദേശം 30,000 മുതൽ 40,000 ടൺ വരെ ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ കപ്പലുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഇത് പ്രവർത്തനസജ്ജമാകുമെന്നും ട്രംപ് പറയുന്നു. 30 നോട്ടിലധികം വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ കപ്പലിൽ 650 മുതൽ 850 വരെ സൈനികർക്ക് ഒരേസമയം ജോലി ചെയ്യാം. തുടക്കത്തിൽ രണ്ട് കപ്പലുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെങ്കിലും ഭാവിയിൽ ഇത് 25 വരെയാക്കാനാണ് പദ്ധതിയെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ വീണ്ടും ഒരു വലിയ കപ്പൽ നിർമ്മാണ ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
US President announces new class of warships named after him; ‘Trump-class’ to be 100 times more powerful and the world’s largest and fastest warship















