അധികാരത്തിൽ നിന്ന് പിന്മാറുന്നതാണ് ബുദ്ധിപരമായ തീരുമാനം; മദൂറോയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്, വെനിസ്വേലയെ പിന്തുണച്ച് റഷ്യയും ചൈനയും

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്ക്ക് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. അമേരിക്ക സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിൽ മദൂറോ അധികാരത്തിൽ നിന്ന് പിന്മാറുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഇത് ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം കൂടുതൽ കടുപ്പിക്കുന്നതിന്റെ സൂചനയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലോറിഡയിലെ മാര-എ-ലാഗോ റിസോർട്ടിൽ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ പ്രതികരണം.

മദൂറോയെ അധികാരത്തിൽ നിന്ന് നീക്കുക എന്നതാണോ അമേരിക്കയുടെ ലക്ഷ്യമെന്ന ചോദ്യത്തിന്, അതായിരിക്കാം. എന്ത് ചെയ്യണമെന്ന് അവൻ തന്നെ തീരുമാനിക്കണം. അത് ചെയ്യുന്നത് ബുദ്ധിപരമായിരിക്കും. പക്ഷേ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്ന് ട്രംപ് പറഞ്ഞു. മദൂറോ അമേരിക്കൻ സമ്മർദത്തെ എതിർത്താൽ ഗുരുതര ഫലങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മദൂറോ കടുത്ത തീരുമാനം എന്തെങ്കിലും എടുത്താൽ അതാകും അവൻ്റെ അവസാന കടുത്ത തീരുമാനമെടുക്കുന്ന സമയമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്കയുടെ സമീപനത്തെ റഷ്യയും ചൈനയും ശക്തമായി വിമർശിച്ചു.വെനിസ്വേലയിലെ എണ്ണക്കയറ്റുമതികളെ ലക്ഷ്യമിട്ട് യുഎസ് കോസ്റ്റ് ഗാർഡ് നടത്തുന്ന നടപടികൾക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന. തുടർച്ചയായ രണ്ടാം ദിവസവും, അമേരിക്കൻ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന ‘ഡാർക്ക് ഫ്ലീറ്റ്’ ഭാഗമായ മൂന്നാമത്തെ എണ്ണക്കപ്പലിനെ കോസ്റ്റ് ഗാർഡ് പിന്തുടരുകയാണ്. ഇതിനകം പിടിച്ചെടുത്ത കപ്പലുകളും ഏകദേശം 40 ലക്ഷം ബാരൽ വെനിസ്വേലൻ എണ്ണയും കപ്പലുകളും കൈവശം വെക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇതോടൊപ്പം മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തൽ തടയാനാണ് നടപടികളെന്നാണ് വാഷിങ്ടൺ പറയുന്നത്. പസഫിക് സമുദ്രത്തിലും വെനിസ്വേലയ്ക്ക് സമീപമുള്ള കരീബിയൻ കടലിലും സംശയാസ്പദ കപ്പലുകൾക്കെതിരെ ഇരുപതിലധികം ആക്രമണങ്ങൾ നടന്നതായി അമേരിക്ക അറിയിച്ചു. എന്നാൽ, വെനിസ്വേലയുടെ വൻ എണ്ണശേഖരങ്ങൾ നിയന്ത്രിക്കാനും ഭരണകൂട മാറ്റം ലക്ഷ്യമിടാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് കരാക്കാസിന്റെ ആരോപണം. കപ്പലുകൾ പിടിച്ചെടുത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെനിസ്വേലൻ സർക്കാർ പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയ്ക്ക് മണിക്കൂറുകൾക്കകം മദൂറോ പ്രതികരിച്ചു. മറ്റൊരു രാജ്യത്തെ ഭീഷണിപ്പെടുത്തുന്നതിനുപകരം സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാണ് ട്രംപ് ശ്രദ്ധിക്കേണ്ടതെന്ന് മദൂറോ പറഞ്ഞു. സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളിൽ സ്വന്തം രാജ്യത്ത് ശ്രദ്ധിച്ചാൽ അദ്ദേഹത്തിനും ലോകത്തിനും അത് നല്ലതായിരിക്കുമെന്നും മദൂറോ പറഞ്ഞു. അതേസമയം, കരീബിയൻ മേഖലയിലെ അമേരിക്കൻ നടപടികളിൽ റഷ്യ ആശങ്ക പ്രകടിപ്പിച്ചു.

വെനിസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗില്ലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്രോവ് ഗൗരവമായ ആശങ്കയാണിതെന്ന് അറിയിച്ചു. ഇത്തരം നടപടികൾ മേഖലയെ അസ്ഥിരമാക്കുമെന്നും അന്താരാഷ്ട്ര കപ്പൽഗതാഗതത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെനിസ്വേലൻ നേതൃത്വത്തിനും ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചൈനയും അമേരിക്കയുടെ നീക്കങ്ങളെ വിമർശിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. സ്വതന്ത്രമായി വികസിക്കാനും മറ്റ് രാജ്യങ്ങളുമായി പരസ്പരലാഭകരമായ സഹകരണം നടത്താനും വെനിസ്വേലയ്ക്ക് അവകാശമുണ്ട് എന്നും വെനിസ്വേലയുടെ പരമാധികാരം സംരക്ഷിക്കാൻ ചൈന പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

US President Donald Trump has issued a fresh warning to Venezuelan President Nicolas Maduro

More Stories from this section

family-dental
witywide