” ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാതിരുന്നതില്‍ നന്ദി പറയാന്‍ വേണ്ടിയാണ് ഞാന്‍ പാക് ജനറലിനെ ഇവിടേക്ക് ക്ഷണിച്ചത് ”

വാഷിംഗ്ടണ്‍ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് തടയുന്നതില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ വഹിച്ച പങ്കിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക് ജനറലിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് ആതിഥേയത്വം വഹിച്ചതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

‘യുദ്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കുകയും ചെയ്തതിന് നന്ദി പറയാന്‍ ആഗ്രഹിച്ചതാണ് ഞാന്‍ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നതിന്റെ കാരണം..,’ ട്രംപ് ഉച്ചഭക്ഷണ യോഗത്തില്‍ പറഞ്ഞു.

പാകിസ്ഥാന്റെ സൈനീക തലവനെ പാകിസ്ഥാന്‍ മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വൈറ്റ് ഹൗസില്‍ ഒരു യുഎസ് പ്രസിഡന്റ് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപ് പാക് ജനറലിനെ കണ്ടത് എന്നതും ശ്രദ്ധേയം. ഇറാനുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍.

കഴിഞ്ഞ മാസം ഇന്ത്യയുമായുള്ള യുദ്ധം വേഗത്തില്‍ അവസാനിപ്പിച്ചതിന് മുനീറിന് നന്ദി പറഞ്ഞതായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതേ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പ്രശംസിച്ചു. ‘ആ യുദ്ധം തുടരേണ്ടതില്ലെന്ന് വളരെ മിടുക്കരായ രണ്ട് ആളുകള്‍ തീരുമാനിച്ചു; അത് ഒരു ആണവയുദ്ധമാകുമായിരുന്നു,’ ട്രംപ് പറഞ്ഞു.

നാല് ദിവസത്തെ തീവ്രമായ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു ധാരണയിലെത്തി. ഇതിന്റെ ക്രഡിറ്റ് തനിക്കുള്ളതാണെന്ന് ട്രംപ് ഇപ്പോഴും അവസരം കിട്ടുമ്പോഴെല്ലാം ആവര്‍ത്തിക്കുന്നുമുണ്ട്. ഇന്ത്യ ഇക്കാര്യം ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും ട്രംപ് തന്റെ വാദത്തില്‍ നിന്നും പിന്മാറിയിട്ടില്ല.

More Stories from this section

family-dental
witywide