വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പൂർണ്ണ ആരോഗ്യവാനെന്നും ആശങ്കപ്പെടേണ്ട കാര്യങ്ങളില്ലെന്നും വൈറ്റ് ഹൗസിലെ ആരോഗ്യ വിദഗ്ധർ. എംആർഐ പരിശോധനകൾക്ക് ശേഷമാണ് വൈറ്റ്ഹൗസ് ഡോക്ടർമാരുടെ പ്രതികരണം. 79കാരനായ ട്രംപിന്റെ ഹൃദയം, വയറ് എന്നിവയുടെ വിശദമായ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.
ട്രംപിൻ്റെ ആരോഗ്യം സംബന്ധിച്ച് യുഎസ് നാവിക സേനയിലെ എമർജൻസി വിഭാഗം ഡോക്ടറായ ക്യാപ്റ്റൻ സീൻ ബാർബെല്ലയാണ് തിങ്കളാഴ്ച വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ഈ പ്രായത്തിലുള്ളവർക്ക് സാധാരണ ഗതിയിൽ അനുഭവപ്പെടുന്ന കാർഡിയോ വാസ്കുലാർ പ്രശ്നങ്ങളോ വയറിനുള്ള ബുദ്ധിമുട്ടുകളോ ട്രംപിനില്ല.ധമനികൾ ചുരുങ്ങുന്നത് പോലുള്ള അവസ്ഥ ട്രംപിന് അനുഭവപ്പെടുന്നില്ല. ട്രംപിന്റെ ഹൃദയം പെർഫെക്റ്റ് സ്ഥിതിയിലാണെന്നും പ്രതീക്ഷിക്കപ്പെട്ട രീതിയിലുള്ള ഫലമാണ് എംആർഐയിൽ ലഭിച്ചതെന്നും ക്യാപ്റ്റൻ സീൻ ബാർബെല്ല വിശദമാക്കുന്നത്.
മിനസോട്ട ഗവർണർ ടിം വാൾസ് രണ്ടാം തവണ ട്രംപ് അധികാരത്തിലെത്തിയ ശേഷം ട്രംപിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിമർശിച്ചതിന് പിന്നാലെയാണ് എംആർഐ ഫലം സംബന്ധിച്ച പ്രസ്താവന വൈറ്റ് ഹൗസ് നടത്തുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ള വിഷയം. നേരത്തെ ഒക്ടോബറിൽ നടന്ന എംആർഐ റിസൽട്ട് പുറത്ത് വിടാൻ വൈറ്റ് ഹൗസ് ആരോഗ്യ വിദഗ്ധർ തയ്യാറായിരുന്നില്ല.
ഏത് ഭാഗമാണ് എംആർഐ സ്കാന് വിധേയമാക്കിയതെന്നും വൈറ്റ് ഹൗസ് വിശദമാക്കിയിരുന്നില്ല. എംആർഐ റിസൽട്ട് പുറത്ത് വിടുന്നതിൽ തനിന്ന് എതിർപ്പില്ലെന്ന് ഞായറാഴ്ച ട്രംപ് വിശദമാക്കിയിരുന്നു. നടന്നത് സാധാരണ എംആർഐ ആണോ ഏതൊക്കെ ഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമായി എന്നിവ അറിയില്ലെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
US President Donald Trump is in perfect health; Trump has no cardiovascular problems or stomach problems















