ഇന്ത്യയും പാക്കിസ്ഥാനുമായി വളരെ അടുത്ത ബന്ധം; പ്രശ്നം അവർതന്നെ പരിഹരിക്കട്ടെ, സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് ട്രംപ്

വാഷിങ്ടന്‍ : പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇതില്‍ ഇടപെടില്ലെന്നും ഇരു രാജ്യങ്ങളും ‘ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍’ പ്രശ്‌നം പരിഹരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു.

”ഞാന്‍ ഇന്ത്യയുമായി വളരെ അടുത്തയാളാണ്, പാക്കിസ്ഥാനുമായും വളരെ അടുത്തയാളാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ കശ്മീരില്‍ ആയിരം വര്‍ഷമായി പോരാടുന്നു. ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍. ഇന്ത്യയിലുണ്ടായതു ഭീകരാക്രമണമായിരുന്നു. 1,500 വര്‍ഷമായി ആ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവര്‍ അത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്” ട്രംപ് പറഞ്ഞു.

നേരത്തേ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് പാക് പത്രപ്രവര്‍ത്തകന്റെ ചോദ്യം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഒഴിവാക്കിയിരുന്നു. ട്രംപ് ഇതിനുള്ള ഉത്തരം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നതായും വക്താവ് ടാമി ബ്രൂസ് പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് അപലപിച്ചിരുന്നു. ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

More Stories from this section

family-dental
witywide