
വാഷിങ്‌ടൺ: ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ചാൽ അമേരിക്കൻ വിപണിയോട് വിടപറഞ്ഞ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന ഭീഷണിയാണ് ട്രംപ് നടത്തിയിരിക്കുന്നത്. അധികാരമേറ്റതിന് തൊട്ടുപിന്നാലെ ട്രംപ് ഇതേ ഭീഷണി മുഴക്കിയിരുന്നു.
ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നി പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. കഴിഞ്ഞ വർഷം നടന്ന ഉച്ചകോടിയിൽ സ്വന്തം കറൻസികൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഉഭയകക്ഷി വ്യാപാരത്തിന് യു എസ് ഡോളറിന് പകരം സ്വന്തം കറൻസികൾ ഉപയോഗിക്കുന്നതും, ബ്രിക്സിന് പൊതു കറൻസി രൂപീകരിക്കുന്നതും ചർച്ചയായി. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ബ്രിക്‌സ് രാജ്യങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് കുഴപ്പമില്ല, പക്ഷേ അവര്‍ അമേരിക്കയുമായി ബിസിനസില്‍ ഏര്‍പ്പെടുമ്പോള്‍ ഞങ്ങള്‍ കുറഞ്ഞത് 100% താരിഫ് ഏര്‍പ്പെടുത്തും. ആഗോള വ്യാപാരത്തില്‍ ഡോളറിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് അവര്‍ അത്രയധികം ചിന്തിച്ചാല്‍ പോലും അവര്‍ക്ക് 100% താരിഫ് ഏര്‍പ്പെടുത്തും’ -ട്രംപ് പറഞ്ഞു. ‘പുതിയ ബ്രിക്‌സ് കറന്‍സി സൃഷ്ടിക്കില്ലെന്നും ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റൊരു കറന്‍സിയെയും പിന്തുണയ്ക്കില്ലെന്നും ഈ രാജ്യങ്ങള്‍ ഉറപ്പുനല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, അല്ലെങ്കില്‍ അവര്‍ 100 ശതമാനം താരിഫുകള്‍ നേരിടേണ്ടിവരും, അല്ലാത്തപക്ഷം അമേരിക്കയില്‍ സാധനങ്ങള്‍ വില്‍ക്കാമെന്ന മോഹം ഉപേക്ഷിച്ച് വിട പറയുമെന്ന് പ്രതീക്ഷിക്കാം’- അധികാരമേറ്റടുത്തതിന് പിന്നാലെ ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. സമാന ഭീഷണിയുമായാണ് അമേരിക്കൻ പ്രസിഡന്‍റ് വീണ്ടും രംഗത്തെത്തിയത്.