യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം; ഗതാഗതക്കുരുക്കിൽ പെട്ട് ഫ്രഞ്ച് പ്രസിഡൻ്റും, വീഡിയോ വൈറൽ

ന്യൂയോർക്ക്: ന്യൂയോർക്കിന്റെ ഹൃദയഭാഗത്ത് തിങ്കളാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കിൽ പെട്ട് ഫ്രാൻസ് പ്രസിഡന്റായ ഇമ്മാനുവൽ മക്രോണും. യു.എസ്. പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകാനായി തടഞ്ഞുനിർ‍ത്തിയതിനെ തുടർന്നാണ് ഫ്രാൻസ് പ്രസിഡന്റായ ഇമ്മാനുവൽ മക്രോൺ റോഡിൽ കുടുങ്ങിയത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ട്രാഫികിൽ അകപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായി.

ഐക്യരാഷ്ട്രസഭയുടെ 80-ാം ജനറൽ അസംബ്ലിയിൽ മക്രോൺ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സംഭവം നടന്നത്. യു.എൻ. ആസ്ഥാനത്തിൽ നിന്ന് ഫ്രഞ്ച് എംബസിയിലേക്കുള്ള യാത്രക്ക് പുറപ്പെട്ടപ്പോഴാണ് പ്രശ്നം ഉണ്ടായത്. അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകാനായി ന്യൂയോർക്ക് പൊലീസ് റോഡുകൾ അടച്ചതിനാൽ, മക്രോണിന്റെ വാഹനം ഇടയിൽ നിൽക്കേണ്ടിവരികയായിരുന്നു.

ഫ്രഞ്ച് മീഡിയാ ഔട്ട്‌ലെറ്റായ ബ്രൂട്ട് (Brut) പുറത്തുവിട്ട വീഡിയോയിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ മക്രോണിനോട് ക്ഷമ ചോദിക്കുന്നതും, “സർ, ഇപ്പോൾ എല്ലാം ബ്ലോക്കാണ്,” എന്ന് പറയുന്നതും കേൾക്കാം. സംഭവത്തിൽ മക്രോൺ വാഹനത്തിൽ നിന്ന് ഇറങ്ങിവരുകയും, പ്രശ്നത്തിൽ ചെറുതായി വിഷമിച്ചും ഒരുപോലെ രസിച്ചും കാണാം. ഈ സമയത്ത് ആരാധകർ അദ്ദേഹത്തോടൊപ്പം സെൽഫിയുമെടുത്തു.

കാത്തുനിൽപ്പിനിടയിൽ മക്രോൺ നേരിട്ട് ട്രംപിനെ വിളിക്കുകയും, നിനക്കായി വഴികൾ അടച്ചിട്ടതിനാൽ ഞാൻ റോഡിൽ കാത്തു നിൽക്കുന്നുവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞതായും, അദ്ദേഹത്തിന്റെ സഹായികൾക്ക് അത് കേൾക്കാമായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗികതയും വ്യക്തിപരമായ സൗഹൃദവും ഒരുമിച്ചുള്ള ഉദാഹരണമാണ് ഈ ഫോൺ സന്ദേശമെന്നും ആളുകൾ പറയുന്നു.

ട്രംപിൻ്റെ വാഹനവ്യൂഹം കടന്നുപോയ ശേഷവും കാൽനട യാത്രക്കാർക്ക് മാത്രമായാണ് റോഡ് തുറന്നു നൽകിയത്. അതിനാൽ മക്രോണിന് കാൽനടയായി തന്റെ അടുത്ത പരിപാടിയിലേക്കുള്ള യാത്ര തുടരേണ്ടിവന്നു. ഐക്യരാഷ്ട്രസഭയുടെ 80-ാം ജനറൽ അസംബ്ലിക്ക് മുന്നോടിയായി ന്യൂയോർക്ക് നഗരത്തിൽ കനത്ത സുരക്ഷയും, നിരവധി രാഷ്ട്ര നേതാക്കളുടെ വാഹനവ്യൂഹങ്ങളും വൻ ഗതാഗതക്കുരുക്കുകൾക്ക് ഇടയാക്കുന്നുണ്ട്. ട്രാഫിക് കുരുക്കിൽ നിന്ന് രാഷ്ട്രതലവൻമാർക്കും രക്ഷയില്ല എന്നതിന്റെ ഉദാഹരണമാണ് ഫ്രാൻസ് പ്രസിഡൻ്റ് ട്രാഫിക്കിൽ പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide