2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികൾ വേണ്ടിവന്നാൽ മാറ്റുമെന്ന് യുഎസ് പ്രസിഡൻ്റ് ട്രംപ്

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികൾ വേണ്ടിവന്നാൽ മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ലോകകപ്പ് വേദി മാറ്റാനുള്ള സാധ്യതയുണ്ടെന്നും വേദി മാറ്റാനുള്ള നീക്കത്തെ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫന്റിനോ പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന യുഎസ് നഗരങ്ങളിലേക്ക് കുറ്റകൃത്യങ്ങളെയും ഇടതുപക്ഷ പ്രവർത്തനങ്ങളെയും നേരിടാൻ സൈനികരെ ആവശ്യമാണെന്ന് പറഞ്ഞ് ട്രംപ് ഭരണകൂടം സൈനികരെ വിന്യസിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ബോസ്റ്റണിൽ നിന്ന് ലോകകപ്പ് മത്സരങ്ങൾ മാറ്റുമെന്ന ഭീഷണിയുമായി ട്രംപ് എത്തിയിരിക്കുന്നത്.

ആരെങ്കിലും മോശമായി പ്രവർത്തിക്കുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ടെന്ന് എനിക്ക് തോന്നുകയും ചെയ്‌താൽ, ഞാൻ ഫിഫയുടെ തലവനായ ജിയാനി ഇൻഫൻ്റിനോയെ വിളിക്കും. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. എന്നിട്ട് നമുക്കിത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന് പറയും. അദ്ദേഹം അത് ചെയ്യുകയും ചെയ്യും. ഒളിമ്പിക്‌സിന്റെ കാര്യത്തിലും ഇത് തന്നെ പറയാൻ കഴിയും. ലോസ് ആഞ്ജലീസ് ശരിയായി തയ്യാറെടുത്തിട്ടില്ലെന്ന് എനിക്ക് തോന്നിയാൽ, ഞാൻ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ബോസ്റ്റണിൽ നിന്ന് തനിക്ക് തോന്നിയാൽ മത്സരങ്ങൾ മാറ്റുമെന്ന ട്രംപിൻ്റെ വാക്കുകളോട് അതിന് സാധിക്കുമോ എന്ന മാധ്യമപ്രവർത്തകർ ചോദ്യമുയർത്തിയപ്പോൾ ഫിഫ പ്രസിഡന്റുമായി സംവദിച്ച് ഇക്കാര്യം നടപ്പിലാക്കുമെന്നും മേയർ അത്ര നല്ലയാളല്ലെന്നും ബോസ്റ്റണിലെ ജനങ്ങളെ ഇഷ്ട‌മാണെന്നും ട്രംപ് വ്യക്തമാക്കി.

2026 ഫിഫ ലോകകപ്പ് മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. 48 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്. ബോസ്റ്റൺ ലോകകപ്പിലെ ഏഴ് മത്സരങ്ങൾക്കാണ് ആതിഥേയത്വം വഹിക്കുക. സാൻഫ്രാൻസിസ്കോയും സിയാറ്റിലും ആറ് മത്സരങ്ങൾക്ക് വീതവും ലോസ് ആഞ്ജലീസ് എട്ട് മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കും. മത്സരങ്ങൾ എവിടെ കളിക്കണമെന്നുള്ളത് തങ്ങൾ തീരുമാനിക്കുമെന്ന് നേരത്തേ ഫിഫ കർശന നിലപാടെടുത്തിരുന്നു.

US President Trump says he will change the venues of the 2026 FIFA World Cup and Olympics if necessary

More Stories from this section

family-dental
witywide