ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് അമേരിക്ക; ഒക്ടോബർ 9 മുതൽ ഡിസംബർ 14 വരെ ഓൺലൈനായും നേരിട്ടും വാങ്ങിയവർ ഇത് ഉപയോഗിക്കരുത്

സിയാറ്റിൽ : അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫാൻസ് ചോക്ലേറ്റ്സ്’ പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ തിരിച്ചു വിളിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മ‌ിനിസ്ട്രേഷൻ. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റിൽ രേഖപ്പെടുത്താത്തതിനെ തുടർന്നാണ് ഈ അടിയന്തര നടപടി.

മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചോക്ലേറ്റ് ബാറുകൾ കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മ‌ിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി. ഫ്രാൻസ് പ്യുവർ ബാർ ആൽമണ്ട് മിൽക്ക് ചോക്ലേറ്റിൽ ഹേസൽനട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

1.1oz വലിപ്പമുള്ള ‘46% മഡഗാസ്കർ പ്ലാന്റ്-ബേസ്‌ഡ്’ ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബർ 9 മുതൽ ഡിസംബർ 14 വരെ ഓൺലൈനായും നേരിട്ടും വാങ്ങിയവർ ഇത് ഉപയോഗിക്കരുതെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകി. ഹേസൽനട്ട് അലർജിയുള്ളവർ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്‌ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം.

ഒരാൾക്ക് അലർജി ബാധിച്ചതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ഈ ചോക്ലേറ്റ് ഉടൻ തന്നെ വാങ്ങിയ ഇടങ്ങളിൽ തിരികെ നൽകി പണം കൈപ്പറ്റണമെന്ന് എഫ്ഡിഎ നിർദേശിച്ചു. കഴിഞ്ഞ ദിവസം സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെ തുടർന്ന് മറ്റൊരു ഭക്ഷ്യ ഉൽപന്നമായ ‘പബ്ലിക്സ് റൈസ് ആൻഡ് പീജിയൻ പീസും’ സമാനമായ രീതിയിൽ തിരിച്ചുവിളിച്ചിരുന്നു.

US recalls chocolates; those purchased online and in person from October 9 to December 14 should not use them

More Stories from this section

family-dental
witywide