2019ൽ ഹ്യുവായ് കരാർ നഷ്ടപ്പെട്ടപ്പോൾ വലിയ പ്രതിസന്ധിയിലായിരുന്ന ചൈനീസ് എഐ ചിപ്പ് സ്റ്റാർട്ടപ്പ് കേംബ്രിക്കണിന്റെ സഹസ്ഥാപകൻ ചെൻ ടിയാൻഷി ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ സ്വയം നേടിയ ബില്യണർമാരിൽ ഒരാളായി മാറിയിരിക്കുന്നു. അമേരിക്ക കട്ടിംഗ് – എഡ്ജ് ചിപ്പുകൾ ചൈനക്കുള്ളിൽ എത്താതിരിക്കാൻ ഉപരോധം ശക്തമാക്കിയതോടെ, നാട്ടിൽതന്നെ സാങ്കേതിക വിദ്യയെ വളർത്താനുള്ള ബീജിംഗിന്റെ നീക്കങ്ങൾ കേംബ്രിക്കൺ പോലുള്ള കമ്പനികളെ ദേശീയ തലത്തിലേക്ക് ഉയർത്തുകയായിരുന്നു.
കഴിഞ്ഞ 24 മാസത്തിനിടെ കേംബ്രിക്ക ണിൻ്റെ ഓഹരികൾ 765% വരെ ഉയർന്നു. ഇതോടെ ചെൻ ടിയാൻഷിയുടെ സമ്പത്ത് $22.5 ബില്യണായി ഇരട്ടിക്കുകയായിരുന്നു. സർക്കാരിന്റെ ശക്തമായ പിന്തുണയും പ്രദേശികമായുള്ളവ വാങ്ങുക നിർദ്ദേശവും കമ്പനിയുടെ വളർച്ചക്ക് വലിയ കാരണമായി എന്നാണ് വിദഗ്ധർ പറയുന്നത്. അതോടൊപ്പം, യു എസ് ഉപരോധങ്ങളും Nvidia, AMD പോലുള്ള വിദേശ ചിപ്പ് കമ്പനികളുടെ മോഡലുകൾ ചൈനയിൽ ലഭ്യമല്ലാത്ത സാഹചര്യം കേംബ്രിക്കണിനെ വലിയ നേട്ടത്തിലേക്ക് നയിച്ചു. എന്നിരുന്നാലും, കമ്പനിയുടെ യഥാർത്ഥ സാങ്കേതിക ശേഷിയേക്കാളേറെ സർക്കാരിന്റെ സംരക്ഷണമാണ് വളർച്ചയ്ക്ക് കാരണമെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.
1985ൽ ജനിച്ച ചെൻ ടിയാൻഷി സഹോദരനൊപ്പം ചൈനീസ് അക്കാഡമി ഓഫ് സയൻസിൽ ഗവേഷകനായി പ്രവർത്തിച്ചപ്പോൾ തന്നെ എഐ ആക്‌സിലറേറ്റർ ചിപ്പുകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. 2017ൽ ഹ്യുവായിയുടെ Mate 10 ഫോണിൽ കേംബ്രിക്കൺ ചിപ്പ് ഉപയോഗിച്ചത് ആദ്യ വലിയ തിരിച്ചു വരവായിരുന്നു. ഇപ്പോൾ ക്ലൗഡ് സർവറുകൾ മുതൽ സ്മാർട്ട് ഉപകരണങ്ങൾ വരെയുള്ള മേഖലകളിൽ എഐ ചിപ്പുകൾ വിൽക്കുകയാണ് കമ്പനി.
ചൈനീസ് കമ്പനികൾ നിർബന്ധമായും ലോക്കൽ ചിപ്പുകൾ വാങ്ങണം എന്ന സർക്കാരിന്റെ പുതിയ നയങ്ങൾ കേംബ്രി ക്കണിന്റെ ആവശ്യകത വൻതോതിൽ ഉയർത്തി. ഒരു വർഷത്തിനിടെ മാത്രം വരുമാനം 500% വളർന്നു. Nvidia പോലെ തന്നെ കേംബ്രിക്കണിൻ്റെ മുന്നിലും വലിയ വളർച്ചാ സാധ്യതയുണ്ട്. പക്ഷേ എഐ ഇൻഫ്രാസ്ട്രക്ചറിന്റെ യഥാർത്ഥ ആവശ്യം എത്രയെന്ന് നിക്ഷേപകർ തീരുമാനിക്കുന്നതിന് അനുസരിച്ച് ഓഹരി മാറ്റങ്ങൾ ഉണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.
US sanctions have made Chinese AI expert chen Tianshi rich; Tianshi’s net worth is $23 billion















