
വാഷിംഗ്‌ടൺ: ഇന്ത്യ-പാക് യുദ്ധത്തിൽ വെടിനിർത്തൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ അറിയിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്ത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കർ, കരസേനാ മേധാവി അസിം മുനീർ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവൽ, അസിം മാലിക് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഇന്ത്യൻ, പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി താനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചർച്ച നടത്തിയെന്ന് അദ്ദേഹം എക്സിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അടിയന്തര വെടിനിർത്തലിനും ഒരു നിഷ്പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിക്കുന്നതിനും സമ്മതിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നതിൽ പ്രധാനമന്ത്രിമാരായ മോദിയുടെയും ഷെരീഫിന്റെയും ജ്ഞാനം, വിവേകം, രാഷ്ട്രതന്ത്രജ്ഞത എന്നിവയെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യ-പാക് യുദ്ധത്തിൽ വെടിനിർത്തൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നേ ഉള്ളു.
സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലെന്ന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്. അമേരിക്ക രാത്രി മുഴുവൻ നടത്തിയ ചർച്ചക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയായെന്നും അദ്ദേഹം കുറിച്ചു. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും ട്രംപ് നന്ദിയും പ്രകടിപ്പിച്ചു.