
ന്യൂയോർക്ക്: റഷ്യയുമായുള്ള വ്യാപാര ഇടപാടുകളുടെ പേരിൽ ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത അനുയായിയും യു എസ് സെനറ്ററുമായ ലിൻഡ്സെ ഗ്രഹാമിന്‍റെ വെല്ലുവിളി. റഷ്യയുമായുള്ള വ്യാപാര ഇടപാടുകൾ തുടർന്നാൽ സാമ്പത്തിക വ്യവസ്ഥിതി തകർത്തുകളയുമെന്നാണ് വെല്ലുവിളി. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഈ രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്നും ഗ്രഹാം വ്യക്തമാക്കി.
ഇന്ധന ഇറക്കുമതിക്ക് അമേരിക്ക 100 ശതമാനം നികുതി ഏർപ്പെടുത്താൻ ഒരുങ്ങുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയുടെ 80 ശതമാനം ക്രൂഡ് ഓയിൽ കയറ്റുമതി ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കാണെന്നും, ഈ ഇടപാടുകൾ യുക്രെയ്ൻ യുദ്ധത്തിന് പുടിന് സാമ്പത്തിക ശക്തി നൽകുന്നുവെന്നും ഗ്രഹാം ആരോപിച്ചു. ട്രംപ് ഭരണകൂടം റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങി റഷ്യയെ യുക്രെയ്ൻ യുദ്ധത്തിൽ പിന്തുണച്ചാൽ ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ തകർക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്രഹാം വ്യക്തമാക്കി.