വാഷിങ്ടൺ: യു എസിലെ അടച്ചുപൂട്ടലിനെ തുടർന്ന് നാസയുടെ പ്രവർത്തനം നിർത്തിവെച്ചു. നിലവിൽ നാസയുടെ പ്രവർത്തനങ്ങൾ സർക്കാർ ധനസഹായം തടസ്സപ്പെട്ടതോടെയാണ് നിർത്തിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. നാസയുടെ വെബ്സൈറ്റിൽ നിർത്തിവെച്ച അറിയിപ്പും നൽകിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെ പിരിച്ചുവിട്ടിരുന്നു. അത്യാവശ്യ ജീവനക്കാരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരേയുള്ള നാസയുടെ മിക്ക പദ്ധതികളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മുൻപ് നിലവിലുണ്ടായിരുന്നതും പിന്നീട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതുമായ ചില ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻ പാർട്ടിയും വൈറ്റ് ഹൗസും നിരാകരിച്ചതോടെ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റുകളും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമാവുകയും തുടർന്ന് ബില്ല് പാസാകുകയും ചെയ്തില്ല. ഇതാണ് അടച്ചുപൂട്ടലിന് കാരണമായത്. സമവായത്തിൽ എത്താതിനെ തുടർന്ന് അടുത്ത ആഴ്ചയും അടച്ചു പൂട്ടൽ ആകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.














