
ശരിയായ പങ്കാളിയെത്തിരഞ്ഞെടുക്കാത്തതുകൊണ്ടും മറ്റു പല കാരണങ്ങളാലും പ്രണയവും വിവാഹവും പലപ്പോഴും ദുരന്തമായി മാറാറുണ്ട്. അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബ്രിട്ടാനി പോർട്ടറിനും പങ്കുവയ്ക്കാനുള്ളത് ഇത്തരത്തിൽ ജീവിതം തകർന്നുപോയൊരു കഥയാണ്.
ബ്രൂക്ക് ലിൻ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ബ്രിട്ടാനി പോർട്ടർ മലേഷ്യയിലെ രാജാവായിരുന്ന സുൽത്താൻ മുഹമ്മദ് അഞ്ചാമനുമായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങ് യഥാർത്ഥ വിവാഹം തന്നെയായിരുന്നുവെന്ന് പിന്നീടാണ് ഇവർ മനസിലാക്കിയത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. നിയമപ്രകാരം താനിപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയാണെന്നും ഈ ചതിയിൽ നിന്നും പുറത്തുകടക്കാൻ ഇനിവേണ്ടത് വിവാഹമോചനമാണെന്നും പോർട്ടർ പറയുന്നു.
പോർട്ടറിൻ്റെ പ്രണയവും വിവാഹവും
മുപ്പതു കാരിയായ പോർട്ടർ 2024 ജനുവരിയിലാണ് സുഹൃത്തുക്കൾ വഴി ആദ്യം സുൽത്താൻ മുഹമ്മദ് അഞ്ചാമനെ കണ്ടുമുട്ടിയത്. പരസ്പരം പെട്ടെന്ന് മനസിലാക്കാനും ഇഷ്ടപ്പെടാനും അവർക്കായി. അദ്ദേഹത്തിന്റെ “ഭംഗിയുള്ള” ബ്രിട്ടീഷ് ഉച്ചാരണത്തിൽ ഞാൻ പെട്ടെന്ന് ആകൃഷ്ടയായി. “ആദ്യം ഞങ്ങൾ വെറും സുഹൃത്തുക്കളായിരുന്നു, പക്ഷേ ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാൻ തുടങ്ങി, പിന്നെ മെല്ലെ പ്രണയത്തിലായി. അവരുടെ ബന്ധം ആഡംബരവും യാത്രയും നിറഞ്ഞ ഒരു പ്രണയമായി പെട്ടെന്ന് വളർന്നു. “അദ്ദേഹം എന്നെയും എന്റെ സുഹൃത്തുക്കളെയും ലോകമെമ്പാടും കൊണ്ടുപോയി. ഞങ്ങൾ ഏറ്റവും നല്ല ഹോട്ടലുകളിൽ താമസിച്ചു, എന്റെ സുഹൃത്തുക്കൾക്ക് മികച്ച അനുഭവങ്ങളും സമ്മാനങ്ങളും നൽകി. ഞങ്ങളുടെ യാത്രകൾക്കായി അദ്ദേഹം ദശലക്ഷക്കണക്കിന് ചെലവഴിച്ചു.- പോർട്ടർ പറഞ്ഞു.

വിവാഹമായി മാറിയ വിവാഹാഭ്യർത്ഥന
2024 ഏപ്രിലിൽ മിഡിൽ ഈസ്റ്റിലേക്കുള്ള ആദ്യ വിദേശ യാത്രയ്ക്ക് മുമ്പാണ് സുൽത്താൻ അവളോട് വിവാഹാഭ്യർത്ഥന നടത്തിയത്. “അദ്ദേഹം എന്നോട് ഒമാനിൽ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു… പിന്നീട് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തി, എനിക്ക് ഒരു നീല വജ്രം തന്നു.”പോർട്ടർ ഓർത്തെടുത്തു.
ഒമാനിൽ ആയിരിക്കുമ്പോൾ, മുഹമ്മദ് അഞ്ചാമൻ ഒരു മതപരമായ ചടങ്ങ് സംഘടിപ്പിച്ചു. പോർട്ടറുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇരുവരും രണ്ട് മതവിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടുതന്നെ പോർട്ടർക്ക് പലതും മനസിലായില്ല. ” എൻെറ സംസ്കാരത്തിൽ, വലിയൊരു ചടങ്ങായാണ് വിവാഹം നടത്തുക. അത്തരത്തിലൊരു വിവാഹ ചടങ്ങ് ജനുവരിയിൽ നടത്താൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. ഒമാനിൽ നടത്തിയ ചടങ്ങിൽ ഞാൻ ആശയക്കുഴപ്പത്തിലായി. അവർ ഒരു ഇമാമിനെ കൊണ്ടുവന്നു. എന്നെ പൂർണമായും മതപരിവർത്തനവും നടത്തി. പക്ഷേ അദ്ദേഹം എന്നെ ഇസ്ലാമിനെക്കുറിച്ച് അത്രയൊന്നും പഠിപ്പിച്ചില്ല… ഒരു നിക്കാഹ് ഇസ്ലാമിക നിയമപ്രകാരം ഒരു വിവാഹമാണെന്ന് ഞാൻ അടുത്തിടെയാണ് മനസ്സിലാക്കിയത്.”- പോർട്ടൽ പറയുന്നു. അല്ലാഹുവിന്റെ ദൃഷ്ടിയിൽ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ.”- പോർട്ടർ വിശദീകരിച്ചു.
തങ്ങൾ മലേഷ്യയിലേക്ക് മടങ്ങിയതിനുപിന്നാലെ തന്നെ ഒരു രാജകീയ പങ്കാളിയായി കണക്കാക്കിയിട്ടുണ്ടെന്നും ഒരു “അവകാശിയെ” വേഗത്തിൽ ജനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും പോർട്ടർ പറയുന്നു. പിന്നീട് അവൾ ഗർഭിണിയായി, പക്ഷേ ഗർഭം അലസിപ്പോയെന്നും അവർ പറഞ്ഞു. അതിനുശേഷം, അവർ വളരെയധികം വഴക്കിടാൻ തുടങ്ങി. എങ്കിലും ജനുവരിയിൽ വിവാഹം നടത്താനുള്ള പദ്ധതികളുമായി പോർട്ടർ മുന്നോട്ടുപോയി. ഇതിനായി പോർട്ടർ കാലിഫോർണിയയിലേക്ക് മടങ്ങി. പിന്നീടാണ് ജീവിതം മാറി മറിഞ്ഞത്.
പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. “അവൻ എന്നോട് അകലം പാലിക്കുകയായിരുന്നു, ഞാൻ പരിഭ്രാന്തിയിലായിരുന്നു, അതിനാൽ ഞാൻ മലേഷ്യയിലേക്ക് തിരിച്ചുപോയി – പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല,” സമൂഹമാധ്യമത്തിലടക്കം അവൻ എന്നെ ബ്ലോക്ക് ചെയ്തു”- പോർട്ടർ പറയുന്നു. അദ്ദേഹത്തിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും നിലവിൽ അവരുടെ വേർപിരിയലിന് നിയമപരമായ അംഗീകാരം തേടുകയാണെന്നും പോർട്ടർ പറഞ്ഞു.

സുൽത്താന്റെ പശ്ചാത്തലം
56 കാരനായ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ 2010 മുതൽ കെലാന്റനിലെ 29-ാമത്തെ സുൽത്താനായി ഭരണം നടത്തുകയും 2016 മുതൽ 2019 വരെ മലേഷ്യയുടെ രാജാവായി ഭരിക്കുകയും പിന്നീട് സിംഹാസനം ഉപേക്ഷിക്കുകയും ചെയ്തു. ടെങ്‌കു സുബൈദ ബിന്റി ടെങ്‌കു നൊറുദിൻ (2004–2008), സുൽത്താന നൂർ ഡയാന പെട്ര (2010മുതൽ), റഷ്യൻ സൗന്ദര്യ റാണി ഒക്‌സാന വോവോഡിന എന്നിവരെ ഇദ്ദേഹം വിവാഹം കഴിച്ചിട്ടുണ്ട്. 2018 ലായിരുന്നു വോവോഡിനയുമായുള്ള വിവാഹം. ഒരു വർഷത്തിനുശേഷം വിവാഹമോചനം നേടുകയും ചെയ്തു. വോവോഡിനയുമായുള്ള ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകനുണ്ട്.
വേദനയെ സംഗീതമാക്കി പോർട്ടർ
താൻ കടന്നുപോയ അഗ്നിപരീക്ഷ വളരെ വേദനാജനകമാണെങ്കിലും, തന്റെ സംഗീതം കൊണ്ട് രോഗശാന്തിയിലേക്കാണ് പോർട്ടർ നീങ്ങിയത്. താനൊരു പ്രചോദനത്തിന്റെ ഉറവിടമായി മാറിയെന്നും പോർട്ടർ പറയുന്നു. ” സംഗീതം അതിശയകരമായിരുന്നു, എനിക്ക് ഒരു രോഗശാന്തി യാത്രയായിരുന്നു, ശരിക്കും മോചനം നൽകുന്നതായിരുന്നു,” അവർ പറഞ്ഞു.
US singer shares heartbreak from relationship with former Malaysian king,















