യുഎസ് കുടിയേറ്റ തൊഴിലാളികളുടെ ഇഎഡി ഓട്ടമാറ്റിക് പുതുക്കൽ നിർത്തലാക്കി; ഇന്ത്യക്കാർ അടക്കം പതിനായിരക്കണക്കിന് വിദേശതൊഴിലാളികളെ ബാധിക്കും

വാഷിങ്ടൺ: കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അനുമതി രേഖയായ Employment Authorization Document (EAD)ഓട്ടമാറ്റിക് എക്സ്റ്റൻഷൻ സംവിധാനം യുഎസ് സർക്കാർ അവസാനിപ്പിച്ചു. പുതിയ നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. അമേരിക്കയിൽ ജോലിചെയ്യുന്നത് അവകാശമല്ല, ആനുകൂല്യമാണെന്നു പറഞ്ഞ് യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽനിന്നുള്ളവരടക്കമുള്ള പതിനായിരക്കണക്കിന് വിദേശതൊഴിലാളികളെ ഈ തീരുമാനം ബാധിക്കും. 2022ലെ കണക്കനുസരിച്ച് യുഎസിൽ 48 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നു, അതിൽ 66% കുടിയേറ്റക്കാർ ആണെന്നാണ് റിപ്പോർട്ടുകൾ.

2025 ഒക്ടോബർ 30ന് ശേഷം ഇഎഡി പുതുക്കലിന് അപേക്ഷിക്കുന്നവർക്ക് ഓട്ടമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ല. മുമ്പ് ഇഎഡി പുതുക്കാൻ അപേക്ഷനൽകിയാൽ 540 ദിവസംവരെ തൊഴിലെടുക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ, പുതിയനിയമമനുസരിച്ച് കാലാവധി തീരുംമുൻപ് ഇഎഡി പുതുക്കിക്കിട്ടിയില്ലെങ്കിൽ ജോലി നിർത്തേണ്ടിവരും. അപേക്ഷ കാലാവധി തീരുന്നതിന് 180 ദിവസം മുൻപ് സമർപ്പിക്കണമെന്ന് യുഎസ് അധികാരികൾ നിർദേശിച്ചു.

Temporary Protected Status (TPS) ഉള്ള രാജ്യങ്ങളായ വെനസ്വേല, ഹെയ്തി, യുക്രൈൻ, സുഡാൻ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് 540 ദിവസം വരെ ഇളവ് ലഭിക്കും. അവരുടെ പെർമിറ്റ് പുതുക്കലിന് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന പ്രത്യേക അറിയിപ്പുകൾ മുഖേനയാണ് കാലാവധി നീട്ടിക്കിട്ടുക. മറ്റെല്ലാ വിസ വിഭാഗങ്ങൾക്കും (H-1B, L-1, E-1 തുടങ്ങിയവ) ഓട്ടമാറ്റിക് പുതുക്കൽ ഇനി ലഭ്യമല്ല. കുടിയേറ്റയിതര വിസകളായ എച്ച്1ബി, എൽ1, ഇ1 വിസാ ഹോൾഡർമാരുടെ ആശ്രിതരായെത്തി യുഎസിൽ ജോലിചെയ്യുന്നവർ, ഗ്രീൻകാർഡ് കാത്തിരിക്കുന്ന എച്ച്1ബി വിസാ ഉടമകൾ, സ്റ്റെം ഓപ്റ്റ് എക്സ്റ്റെൻഷൻ കാത്തിരിക്കുന്ന വിദ്യാർഥികൾ എന്നിവരെ കൂടുതൽ ബാധിക്കും.

ദേശീയസുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ കർശനമായി പരിശോധിക്കുമെന്നും യുഎസ് സിഐഎസ് (യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്)വ്യക്തമാക്കി. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനായി 2025 ഒക്ടോബർ 30-നുശേഷം അപേക്ഷിക്കുന്നവർക്ക് ഇനി ഓട്ടമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ല. ഈ തീയതിക്കുമുൻപ് അപേക്ഷിച്ചവരെ തീരുമാനം ബാധിക്കുകയുമില്ല. ഇതിലൂടെ കുടിയേറ്റത്തൊഴിലാളികളുടെ പശ്ചാത്തലം ഇടയ്ക്കിടെ പരിശോധിക്കാനും അതുവഴി തട്ടിപ്പുകാരെയും യുഎസിൻ്റെ സുരക്ഷയ്ക്ക് ഹാനികരമായ ഉദ്ദേശ്യമുള്ളവരെയും തിരിച്ചറിയാനും തടയാനും കഴിയുമെന്നാണ് യുഎസ് കരുതുന്നത്.

US stops automatic EAD renewal for migrant workers; will affect tens of thousands of foreign workers, including Indians

Also Read

More Stories from this section

family-dental
witywide