
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വിദ്യാര്‍ത്ഥി വീസ റദ്ദാക്കുന്നത് അമേരിക്ക വെള്ളിയാഴ്ച മുതല്‍ അടിയന്തരമായി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) അവലോകനത്തിനും റദ്ദാക്കലുകള്‍ക്കുമായി ഒരു പുതിയ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയാകുന്നതുവരെ വീസ റദ്ദാക്കലുകള്‍ അവസാനിപ്പിച്ചുവെന്നും അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 1,500-ലധികം വിദ്യാര്‍ത്ഥി വീസകള്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, വീസ റദ്ദാക്കിയതോടെ രാജ്യം വിട്ട വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുക എന്നത് വ്യക്തമല്ല.
2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരവുമായി ഇറങ്ങിയ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ അധിനിവേശത്തിനെതിരെ സര്‍വകലാശാലാ കാമ്പസുകളെ പിടിച്ചുലച്ച പ്രതിഷേധങ്ങള്‍ക്ക് അമേരിക്ക സാക്ഷ്യം വഹിച്ചിരുന്നു. ഇതില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസകള്‍ യുഎസ് റദ്ദാക്കിക്കൊണ്ടിരിക്കവെയാണ് പുതിയ നീക്കം. മാത്രമല്ല, നിയമം ലംഘിച്ചെന്ന് ആരോപിച്ചും മറ്റ് കാരണങ്ങളാലും നിരവധി വിദ്യാര്‍ത്ഥി വീസകള്‍ റദ്ദാക്കിയിട്ടുണ്ട്. വീസ റദ്ദാക്കിയവരില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.