വിദേശ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വിസ നിര്‍ത്തിവെച്ച യുഎസ് നടപടി ; കാനഡയും ഒന്ന് ശ്രദ്ധിക്കണമെന്ന് ആവശ്യം ഉയരുന്നു

ടൊറന്റോ: വിദേശ വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള തൊഴിലാളി വിസകള്‍ അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കാനഡയിലും സമാന ആശങ്കകള്‍ ഉയരുന്നു. ആശങ്കാകുലരായ ഒരു പ്രമുഖ കനേഡിയന്‍ അസോസിയേഷന്‍ കനേഡിയന്‍ അധികൃതരോട് കുടിയേറ്റവുമായി ബന്ധപ്പെട്ട ‘പ്രശ്‌നങ്ങള്‍’ ഉടനടി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

”സെക്രട്ടറി റൂബിയോ പ്രഖ്യാപിച്ച വിസ നിയന്ത്രണങ്ങള്‍ കാനഡയിലെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന വിസകളുമായി ബന്ധപ്പെട്ടതല്ല. എന്നിരുന്നാലും, നമ്മുടെ സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ അല്ലെങ്കില്‍ ഭാവിയില്‍ സമാനമായ നിയന്ത്രണങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനോ ഉള്ള ഒരു മുന്‍കരുതലായി കാനഡ ഈ സംഭവങ്ങളെ കാണണമെന്ന് സിടിഎ വിശ്വസിക്കുന്നു,” കനേഡിയന്‍ ട്രക്കിംഗ് അലയന്‍സ് (സിടിഎ) വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കുടിയേറ്റക്കാരനായ ഇന്ത്യന്‍ ഡ്രൈവറുടെ അശ്രദ്ധ മൂലം ട്രക്ക് അപകടമുണ്ടാക്കുകയും കാര്‍ യാത്രികരായ മൂന്ന് അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെ വ്യാഴാഴ്ചയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അമേരിക്കന്‍ നടപടി പ്രഖ്യാപിച്ചത്. ‘യുഎസ് റോഡുകളില്‍ വലിയ ട്രാക്ടര്‍-ട്രെയിലര്‍ ട്രക്കുകള്‍ ഓടിക്കുന്ന വിദേശ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് അമേരിക്കന്‍ ജീവിതത്തെ അപകടത്തിലാക്കുകയും അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്യുന്നു’ എന്നും അതിനാല്‍ വിദേശ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വിസ യുഎസ് നിര്‍ത്തിവച്ചു എന്നും അദ്ദേഹം എക്സിലൂടെ അറിയിക്കുകയായിരുന്നു.

2018 ല്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിച്ച ഹര്‍ജിന്ദര്‍ സിംഗാണ് ഈ മാസം ആദ്യം ഫ്‌ലോറിഡയില്‍ അപകടമുണ്ടാക്കിയ ഡ്രൈവര്‍. ഓഗസ്റ്റ് 12 ന്, ഹര്‍ജിന്ദര്‍ സിംഗ് ഓടിച്ചിരുന്ന ട്രക്ക് നിയമവിരുദ്ധമായി യു-ടേണ്‍ ചെയ്യാന്‍ ശ്രമിച്ചു, ഇതോടെ കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.