
അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്താനുള്ള നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയും രൂപയും കനത്ത ആഘാതത്തിലാണ്. സെൻസെക്സും നിഫ്റ്റിയും വ്യാപാരം ആരംഭിച്ചപ്പോൾ മുതൽ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 600 പോയിന്റ് വരെ താഴ്ന്നപ്പോൾ, നിഫ്റ്റിയുടെ എല്ലാ സെക്ടറുകളും നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. ബാങ്ക് നിഫ്റ്റി, നിഫ്റ്റി മിഡ് ക്യാപ് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു, അതേസമയം മെറ്റൽ, ഫാർമ, റിയാലിറ്റി, ടെലികോം മേഖലകളിലും 1 ശതമാനത്തിൽ അധികമാണ് ഇടിവ്.
ഇതേ ആഘാതം രൂപയുടെ മൂല്യത്തിലും പ്രകടമായി. ഇന്ന് രൂപയുടെ മൂല്യം 20 പൈസ വരെ ഇടിഞ്ഞു, ഒരു ഡോളറിന് 87 രൂപ 72 പൈസ എന്ന നിരക്കിലാണ് വിനിമയം നടന്നത്. അമേരിക്കയുടെ താരിഫ് തീരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന അനിശ്ചിതത്വം വിപണിയിലെ ഈ അസ്ഥിരതയ്ക്ക് കാരണമായി. നിക്ഷേപകർക്കിടയിൽ ആശങ്ക വർധിച്ചതോടെ, വിപണിയിലെ ഈ പ്രതിസന്ധി തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.