
വാഷിംഗ്ടണ്‍: ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി, വിദ്യാര്‍ത്ഥി, എക്‌സ്‌ചേഞ്ച്, മീഡിയ വിസ ഉടമകള്‍ക്ക് നാല് വര്‍ഷത്തെ പുതിയ സമയപരിധി നിര്‍ദ്ദേശിച്ച് ട്രംപ് ഭരണകൂടം. ബുധനാഴ്ച ഫെഡറല്‍ രജിസ്റ്ററില്‍ സമര്‍പ്പിച്ച ഒരു നിര്‍ദ്ദേശത്തില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) എഫ്, ജെ, ഐ വിസ വിഭാഗങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ, എഫ്-1 വിസയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ ഐ-94 ഫോമിൽ ‘ഡി/എസ്’ (Duration of Status) എന്നാണ് രേഖപ്പെടുത്താറുള്ളത്. വിദ്യാർഥികൾക്ക് അവരുടെ വിദ്യാർഥി പദവി നിലനിർത്തുന്നിടത്തോളം കാലം യുഎസിൽ തുടരാം. ഇതിൽ ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പോലെയുള്ള അംഗീകൃത പരിശീലനങ്ങളും ഉൾപ്പെടുന്നു.
പുതിയ പദ്ധതി പ്രകാരം, ദീര്‍ഘകാലം വിസ കാലാവധി തുടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നാല് വര്‍ഷത്തെ പരിധികള്‍ ഏര്‍പ്പെടുത്തും. വിദേശ വിദ്യാര്‍ത്ഥികള്‍, എക്‌സ്‌ചേഞ്ച് വിസക്കാര്‍ (വേനല്‍ക്കാല തൊഴിലാളികള്‍, ഓ പെയര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍), വിദേശ മാധ്യമങ്ങളിലെ ജീവനക്കാര്‍ എന്നിവരെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കാണ് പുതിയ താമസ സമയ പരിധി നിശ്ചയിക്കുക. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇത്തരം വിസകളിലെ ‘നാടകീയമായ വര്‍ദ്ധനവ്’ ആണ്. 1981-ല്‍ 260,000 ആയിരുന്ന എഫ് വിസകള്‍ (അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നവ) 2023-ല്‍ 1.6 ദശലക്ഷമായി വര്‍ദ്ധിച്ചുവെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പറയുന്നു.
1985-നും 2023-നും ഇടയില്‍ ജെ വിസകളില്‍ (ചില വിദ്യാര്‍ത്ഥികള്‍, അക്കാദമിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, ഓ പെയറുകള്‍, മറ്റ് അത്തരം സന്ദര്‍ശകര്‍ എന്നിവര്‍ ഉപയോഗിക്കുന്നത്) 250 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇത് 141,200-ല്‍ നിന്ന് ഏകദേശം 500,000 ആയി ഉയര്‍ന്നു. മാത്രമല്ല, ഐ വിസകളും (മാധ്യമങ്ങള്‍ക്കുള്ളത്) ഇതേ കാലയളവില്‍ ഇരട്ടിയായെന്നും കണക്കുകള്‍ നിരത്തി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.
പുതിയ വിസാ നിയമം നടപ്പിലാക്കിയാല്‍, കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കപ്പെടും. ഇന്ത്യക്കാര്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവരെ അമേരിക്കയിലേക്ക് വരുന്നതില്‍ നിന്ന് തടയാന്‍പോലുമാകുമെന്ന് ഉന്നത വിദ്യാഭ്യാസ, കുടിയേറ്റ സഖ്യത്തിന്റെ പ്രസിഡന്റും സിഇഒയുമായ മിറിയം ഫെല്‍ഡ്ബ്ലം പറഞ്ഞു. പുതിയ നിര്‍ദ്ദേശം അനുസരിച്ച്, വിദ്യാര്‍ത്ഥി വിസ ഉടമകള്‍ക്ക്, അവരുടെ കാലാവധിയുടെ അവസാനത്തില്‍ സ്റ്റാറ്റസില്‍ മാറ്റത്തിന് അപേക്ഷിക്കേണ്ടിവരും, അതായത്, H-1B അല്ലെങ്കില്‍ മറ്റ് ജോലി അടിസ്ഥാനമാക്കിയുള്ള വിസയ്ക്ക് വേണ്ടി ശ്രമിക്കേണ്ടി വരും. അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ അവരുടെ വിസയുടെ വിപുലീകരണം ആവശ്യപ്പെടേണ്ടിവരും. സമാനമായ നീക്കങ്ങള്‍ I, J വിസ ഉടമകള്‍ക്കും ബാധകമാകും.