വാഷിംഗ്ടൺ: അമേരിക്കയിൽ അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാർക്ക് സുവർണാവസരം. അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ രാജ്യം വിട്ടുപോവുകയാണെങ്കിൽ രണ്ടര ലക്ഷം രൂപയും സൗജന്യ വിമാന ടിക്കറ്റും ലഭിക്കുന്നു. ഇത്തരത്തിൽ പോകുന്നവർക്ക് നൽകുന്ന സാമ്പത്തിക സഹായം (എക്സിറ്റ് ബോണസ്) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു.
ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ എന്ന മൊബൈൽ ആപ്പ് വഴി രജിസ്‌റ്റർ ചെയ്ത് വേണം മടക്കം ഉറപ്പാക്കാൻ. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്നും അവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് മടങ്ങാൻ കഴിയില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റി നോം വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിന്റെ മാസ് ഡിപ്പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഒരാളെ അറസ്‌റ്റ് ചെയ്ത് നാടുകടത്താൻ ശരാശരി 17,000 ഡോളറാണ് ചെലവ്. ഇതിനേക്കാൾ ലാഭകരമാണ് സ്വയം മടങ്ങുന്നവർക്ക് പണം നൽകുന്നതെന്നാണ് അമേരിക്കൻ സർക്കാരിൻ്റെ നിലപാട്.
US triples bonus to $3,000 for migrants who sign up for self-deportation











