
വാഷിംഗ്ടണ്‍: യുഎസ് സര്‍വകലാശാലകള്‍ ആഗോളതലത്തിലേക്ക് മുന്നേറ്റിന്റെ പാതയൊരുക്കുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുടമക്കം സാന്നിധ്യമുറപ്പിച്ചുകൊണ്ടാണ് നീക്കം.
ആഭ്യന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുക, പുതിയ വരുമാന സ്രോതസ്സുകള്‍ തേടുക, അവരുടെ കാമ്പസുകള്‍ വൈവിധ്യവല്‍ക്കരിക്കുക തുടങ്ങിയ വിവിധ കാരണങ്ങളാണ് യുഎസ് സര്‍വകലാശാലകള്‍ ആഗോളതലത്തില്‍ സാന്നിധ്യം സ്ഥാപിക്കുന്നതിന് പിന്നില്‍. മാത്രമല്ല, മിടുക്കരായ അന്താരാഷ്ട്ര പ്രതിഭകളെ ആകര്‍ഷിക്കാനും ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് മത്സരശേഷി നിലനിര്‍ത്താനുമൊക്കയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലോകത്തിന്റെ നാനാ ഭാഗത് ക്യാമ്പസുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന വിസ അനിശ്ചിതത്വങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കോവിഡ് ബാധയ്ക്ക് ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ ഇടിവ്, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ യുഎസ് സര്‍വ്വകലാശാലകളെ വിദേശത്ത് ബ്രാഞ്ച് കാമ്പസുകള്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലകളിലേക്ക് എത്തുന്നത് മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ ഉള്ളിടത്തേക്ക് സര്‍വ്വകലാശാലകള്‍ എത്തുന്നു എന്നതാണ് ലക്ഷ്യം.

സി-ബെര്‍ട്ട് (ക്രോസ്-ബോര്‍ഡര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ടീം) പ്രകാരം, ഇന്ന് ലോകമെമ്പാടും 320-ലധികം അന്താരാഷ്ട്ര ബ്രാഞ്ച് കാമ്പസുകള്‍ നിലവിലുണ്ട്, ഇവയുടെ നാലിലൊന്ന് ഭാഗവും യുഎസ് സര്‍വകലാശാലകളുടേതാണ്. 2023ല്‍, യുജിസി മുന്‍നിര 500 ആഗോള സ്ഥാപനങ്ങള്‍ക്ക് അവരുടേതായ പ്രവേശന മാനദണ്ഡങ്ങള്‍, ഫീസ് ഘടന, ബിരുദ അംഗീകാരം എന്നിവയോടെ ഇന്ത്യയില്‍ പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള കാമ്പസുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു. ഇതും വിദേശ ക്യാമ്പസുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. 3 ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസിലുള്ളത്. ഇതിലൂടെ 8 ബില്യന്‍ ഡോളറാണ് (ഏകദേശം 6,92,66 കോടി രൂപ) യുഎസിനുള്ള വരുമാനം. 2022-23 ല്‍ 268,923 ആയിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം. ഇതു 2023-24 ല്‍ 3,31,602 ആയി വര്‍ധിച്ചു.
യുജിസിയുടെ കണക്കനുസരിച്ച്, 2027 ഓടെ ഇന്ത്യയില്‍ 15 വിദേശ സര്‍വകലാശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കും. യുഎസ്എയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 2026 ഓടെ മുംബൈയില്‍ STEM, ബിസിനസ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്ന ഒരു കാമ്പസ് തുറക്കും. ഇത്തരത്തിലെത്തുന്ന ആദ്യത്തെ അമേരിക്കന്‍ സര്‍വകലാശാലയാണിത്.

കമ്പ്യൂട്ടിംഗ്, നിയമം, ബിസിനസ്സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സതാംപ്ടണ്‍ സര്‍വകലാശാല (യുകെ) അടുത്ത മാസം ഗുരുഗ്രാമില്‍ ക്ലാസുകള്‍ ആരംഭിക്കും. പ്രതിവര്‍ഷം 5,500 വിദ്യാര്‍ത്ഥികളെ വരെ ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിവര്‍പൂള്‍, അബര്‍ഡീന്‍, യോര്‍ക്ക് (യുകെ) സര്‍വകലാശാലയ്ക്കും വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയ്ക്കും കാമ്പസുകള്‍ തുറക്കുന്നതിനുള്ള ലെറ്റേഴ്സ് ഓഫ് ഇന്റന്റ് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും 2026 അവസാനത്തോടെ പ്രവര്‍ത്തനം തുടരുമെന്നാണ് വിവരം.
ഇറ്റലിയില്‍ നിന്നുള്ള ഇസ്റ്റിറ്റിയൂട്ടോ യൂറോപ്പോ ഡിസൈന്‍ മുംബൈയിലെത്തുന്നുണ്ട്. യൂറോപ്യന്‍ കാമ്പസുകളേക്കാള്‍ 30% കുറഞ്ഞ ചെലവില്‍ ഫാഷന്‍ ഡിസൈന്‍ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.