
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ തുടരുന്ന ക്രൂരത അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തിന് അമേരിക്കയുടെ കടുംവെട്ട്. ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു എൻ പ്രമേയം വീറ്റോ ചെയ്തുകൊണ്ടാണ് അമേരിക്ക വീണ്ടും ഇസ്രയേലിനോട് മമത കാട്ടിയത്. യു എൻ രക്ഷ സമിതിയിലെ മറ്റ് 14 അംഗങ്ങളും പിന്തുണച്ച പ്രമേയം പാസ്സാകുന്നത് തടയാനായി അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കുകയായിരുന്നു.
ഗാസയിൽ നിരുപാധികവും സമ്പൂർണവുമായ വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശം ഇസ്രായേലിനു നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് രക്ഷ സമിതിയുടെ പൂർണ പിന്തുണയുണ്ടായിട്ടും അമേരിക്ക വീറ്റോ ചെയ്തത്. ഗാസയിലെ സ്ഥിതി അത്യന്തം ദുരിതപൂർണമാണെന്നടക്കം വിവരിക്കുന്ന പ്രമേയം പാസായിരുന്നെങ്കിൽ അത് ഇസ്രയേലിന് വലിയ തിരിച്ചടിയാകുമായിരുന്നു. സന്നദ്ധ സംഘടനകൾക്ക് ആഹാരവും മരുന്നും തടസമില്ലാതെ വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നതടക്കമുള്ള നിർദേശങ്ങളും പ്രമേയത്തിലുണ്ടായിരുന്നു. ഇതെല്ലാം ഒറ്റയടിക്ക് അമേരിക്ക വീറ്റോ ചെയ്തതോടെ ഗാസയിലെ സ്ഥിതി കൂടുതൽ വഷളാകുമോയെന്ന ആശങ്ക സജീവമായിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക സമാന പ്രമേയം വീറ്റോ ചെയ്യുന്നത്.













