വാഷിംഗ്ൺ: ഗാസയിൽ തുടരുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ അഭ്യർത്ഥന വകവയ്ക്കാതെ മുന്നോട്ട് പോകുന്ന ഇസ്രയേലിനെതിരെ അമേരിക്കയും കടുത്ത നിലപാടിലേക്കെന്ന് സൂചന. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇനി മുതൽ അമേരിക്കയുടെ പിന്തുണയുണ്ടാവില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗാസ വിഷയത്തെ ചൊല്ലി അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ മാർഗങ്ങളുണ്ടെങ്കിലും ഇച്ഛാശക്തിയിലെന്ന് റിപ്പോർട്ടിലുണ്ട്. മിഡിൽ ഈസ്റ്റ് പര്യടനത്തിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കിയ ട്രംപ്, ഗസയിലേക്ക് മാനുഷിക സഹായം അനുവദിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനയുണ്ട്. അതിനിടെ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇസ്രായേലിലേക്കുള്ള യാത്രകൾ റദ്ധാക്കിയതായും വിവരമുണ്ട്.













