
ന്യൂഡൽഹി : കഴിഞ്ഞ ദിവസം പാർലമെൻ്റ് പാസാക്കിയ ഇന്ത്യയുടെ ‘ശാന്തി’ (SHANTI – Sustainable Harnessing and Advancement of Nuclear Energy for Transforming India) ബില്ലിനെ ഔദ്യോഗികമായി സ്വാഗതം ചെയ്ത് അമേരിക്ക. ഇന്ത്യയുടെ സിവിൽ ന്യൂക്ലിയർ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ഈ നിയമത്തെ ഊർജ്ജ സുരക്ഷാ രംഗത്തെ സുപ്രധാന ചുവടുവെപ്പായാണ് അമേരിക്ക വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണം ശക്തമാക്കാൻ ഇത് സഹായിക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഊർജ്ജ മേഖലയിൽ സംയുക്ത നവീകരണത്തിനും ഗവേഷണത്തിനുമായി ഇന്ത്യയുമായി സഹകരിക്കാൻ അമേരിക്ക തയ്യാറാണെന്നും അവർ അറിയിച്ചു.
We welcome India’s new #SHANTIBill, a step towards a stronger energy security partnership and peaceful civil nuclear cooperation. The United States stands ready to undertake joint innovation and R&D in the energy sector. pic.twitter.com/ja0vCAhPzt
— U.S. Embassy India (@USAndIndia) December 22, 2025
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട ‘നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട്’ (NDAA) 2026-ൽ, ഇന്ത്യയുമായുള്ള ആണവ ബാധ്യതാ നിയമങ്ങൾ (Nuclear Liability Rules) അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതേസമയം, അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രസർക്കാർ ഈ ബിൽ തിരക്കിട്ട് പാസാക്കിയതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഇന്ത്യയിൽ ശാന്തി ബിൽ പാസാക്കിയതും അമേരിക്കയിൽ NDAA ഒപ്പുവെച്ചതും ഒരേ സമയത്തായതിനാൽ പ്രതിപക്ഷം വലിയ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
എന്താണ് ‘ശാന്തി ബിൽ’
ഇന്ത്യയുടെ കർശനമായ ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുക എന്നതാണ് ‘ശാന്തി’ ബിൽ 2025-ലൂടെ ലക്ഷ്യമിടുന്നത്. ആണവനിലയങ്ങൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും സ്വകാര്യ കമ്പനികൾക്കും ജോയിന്റ് വെഞ്ച്വർ സംരംഭങ്ങൾക്കും ഈ ബിൽ അനുമതി നൽകുന്നു. 2025 ഡിസംബർ 21-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഈ ബില്ലിന് അംഗീകാരം നൽകി. 1962-ലെ അറ്റോമിക് എനർജി ആക്ടും, 2010-ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ഈ ബിൽ റദ്ദാക്കി. ഒരു ആണവ അപകടം ഉണ്ടായാൽ ഓപ്പറേറ്റർ നൽകേണ്ട പരമാവധി നഷ്ടപരിഹാര തുക 3,000 കോടി രൂപയായി നിജപ്പെടുത്തി. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന് നിയമപരമായ പദവി നൽകുകയും അതിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.
US welcomes India’s ‘SHANTI’ bill, calls it a “step towards a strong energy security partnership”















