അമേരിക്ക ഇറാനിലെ ചബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് പിൻവലിച്ചു; വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് തിരിച്ചടി, നിർണായക പദ്ധതികളെ ബാധിക്കും

ടെഹ്‌റാൻ: അമേരിക്ക ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ചു. ഇളവുകൾ നീക്കം ചെയ്യുമെന്നും ഈ മാസം 29 മുതൽ ഉപരോധം നിലവിൽ വരുമെന്നും യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞു. 2018ലെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ പ്രോലിഫെറേഷൻ ആക്ട്(ഐഎഫ്‌സിഎ) പ്രകാരമായിരുന്നു ഉപരോധം ഏർപ്പെടുത്തിയത്.

ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്കായി 2018ൽ നൽകിയ ഉപരോധ ഇളവാണ് ഇതോടെ യുഎസ് പിൻവലിക്കുന്നത്. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നീക്കമെന്നാണ് യുഎസ് നിലപാട്. ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടുത്ത ഉപരോധമേർപ്പെടുത്തുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖ വികസനത്തിന് ഇന്ത്യയ്ക്ക് ഇളവ് നൽകിയിരുന്നു. ഉപരോധ ഇളവ് റദ്ദാക്കുന്നത് ഇന്ത്യയിലെ നിർണായക പദ്ധതികളെ ബാധിക്കും.

ഇന്ത്യയും- ഇറാനും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ പങ്ക് വഹിക്കുമെന്ന് കരുതുന്ന തുറമുഖമാണ് ചബഹാർ. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജണ്ടയാണ് ചബഹാർ വഴി വ്യാപാര മുന്നേറ്റമാണ് ഇന്ത്യ ലക്ഷ്യമാക്കിയത്. 2024-25 വർഷത്തേക്ക് തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ഇന്ത്യ അനുവദിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

തെക്കേ അഫ്ഗാനിസ്ഥാനിലെ സാബൂൾ ഇരുമ്പ് ഖനികളേയും ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാത ഇന്ത്യയുടെ സഹായത്തോടെ നിർമിച്ചിരുന്നു.ഇറാന്റെ തെക്കൻതീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാൻ- ബലൂചിസ്താൻ പ്രവിശ്യയിലാണ് 7,200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബായ ചബഹാർ ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്നത്.

More Stories from this section

family-dental
witywide