
ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്ക് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്‍റെ (യു എസ് സി ഐ എസ്) മുന്നറിയിപ്പ്. വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അമേരിക്കൻ പൗരന്മാരല്ലാത്തവരെയെല്ലാം നാടുകടത്തുമെന്നാണ് യു എസ് സി ഐ എസ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള അമേരിക്കൻ പൗരന്മാരല്ലാത്തവർക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും യു എസ് സി ഐ എസ് അധികൃതർ വ്യക്തമാക്കി.
അമേരിക്കയിൽ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സർക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള എല്ലാവരെയും നാടുകടത്തലിന് വിധേയമാക്കുമെന്ന് യു എസ് സി ഐ എസ് വെബ്‌സൈറ്റിൽ അപ്‌ഡേറ്റും ചെയ്തിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ വിദേശികളും താമസം മാറി 10 ദിവസത്തിനുള്ളിൽ യു എസ് സി ഐ എസിൽ വിലാസ മാറ്റം റിപ്പോർട്ട് ചെയ്യണം. താമസം മാറിക്കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ യു എസ് സി ഐ എസ് ഓൺലൈൻ അക്കൗണ്ട് വഴി വിലാസ മാറ്റം സമർപ്പിച്ചിരിക്കണമെന്നാണ് നിയമം. വിലാസമാറ്റ അറിയിപ്പ് പാലിക്കുന്നതിൽ പരാജയപ്പെട്ട ഏതൊരു വിദേശിയെയും നാടുകടത്താൻ കഴിയുമെന്നും യു എസ് സി ഐ എസ് ഓർമ്മിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം അവസാനം വരെ വിലാസ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാത്തവരെ ശിക്ഷിക്കുന്ന നിയമങ്ങൾ സജീവമായി നടപ്പിലാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കുകയും ചെയ്തു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് പൂർണ്ണമായും നടപ്പിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വിലാസ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങൾ യുഎസിൽ വളരെക്കാലമായി നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും കൃത്യമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ രണ്ടാം ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള എല്ലാവരും കൃത്യമായി വിലാസമാറ്റം അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ആരായാലും അവരെ നാടുകടത്തലിന് വിധേയമാക്കുമെന്നും ക്രിസ്റ്റി നോം വ്യക്തമാക്കി. ട്രംപ് ഭരണകൂടം എല്ലാ കുടിയേറ്റ നിയമങ്ങളും കൃത്യമായി നടപ്പിലാക്കും.
യുഎസിൽ വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് 200 ഡോളർ വരെ പിഴയോ, 30 ദിവസത്തെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ കാരണമാകും. വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ന്യായമായ വിശദീകരണം നൽകാൻ കഴിയാത്ത ഗ്രീൻ കാർഡ് ഉടമകൾക്കും മറ്റ് പൗരന്മാരല്ലാത്തവർക്കും സാധിക്കണം. അല്ലെങ്കിൽ നിലവിലുള്ള നിയമ വ്യവസ്ഥകൾ പ്രകാരം നാടുകടത്തൽ നേരിടേണ്ടി വരുമെന്നാണ് ക്രിസ്റ്റി നോം മുന്നറിയിപ്പ് നൽകിയത്.