
ന്യൂഡല്‍ഹി :ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ ഇറാനുവേണ്ടി ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍. അങ്ങനെയുള്ള ഉറപ്പുകളൊന്നും ഇറാന് നല്‍കിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.
ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറും ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ മൊഹ്സെന്‍ റെസായി ആണ് പാകിസ്താന്‍ തങ്ങള്‍ക്കുവേണ്ടി ആണവായുധം പ്രയോഗിക്കുമെന്ന അവകാശവാദം ഉന്നയിച്ചത്. ”ഇസ്രായേല്‍ ഇറാനില്‍ ആണവ ബോംബ് പ്രയോഗിച്ചാല്‍, ഇസ്രായേലിനെ ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.” ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെയാണ് മൊഹ്സെന്‍ റെസായി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍, ഇറാന്റെ അവകാശവാദങ്ങള്‍ തള്ളിയ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പാകിസ്താന്റെ ആണവശേഷി പാക് ജനങ്ങളുടെ പ്രയോജനത്തിനു
വേണ്ടിമാത്രമാണെന്ന് മറുപടി നല്‍കി.
‘നമ്മുടെ ആണവശേഷി നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും നമ്മുടെ ശത്രുക്കളുടെ ശത്രുതാപരമായ പദ്ധതികളില്‍ നിന്ന് നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ്. നമ്മുടെ അയല്‍ക്കാര്‍ക്കെതിരെ ഇസ്രായേല്‍ ഇക്കാലത്ത് വ്യാപകമായി പ്രകടമാക്കുന്ന ആധിപത്യ നയങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നില്ല.’- പാാക് പ്രതിരോധ മന്ത്രി എക്‌സില്‍ കുറിച്ചു.














