യുവാക്കളിൽ എറ്റോമിഡേറ്റ് കലർത്തിയ വേപ്പ് ലിക്വിഡ് ആയ സോംബി സിഗരറ്റ് ഉപയോഗം രൂക്ഷമായതോടെ പുതിയൊരു മയക്കുമരുന്ന് പ്രതിസന്ധിയെ ജപ്പാൻ നേരിടുകയാണ്. ഇതിനെ തുടർന്ന് രാജ്യത്ത് അറസ്റ്റുകൾ, ശക്തമായ പോലീസ് നിരീക്ഷണം നടക്കുകയാണ്. ഒകിനാവയിലുടനീളം കൗമാരക്കാരിലും ഇരുപതുകളിലുമുള്ള യുവാക്കളിലും ഈ സിഗരറ്റിൻ്റെ ഉപയോഗംകൂടിയതോടെ ഉദ്യോഗസ്ഥർ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
ക്യോഡോ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ അവസാനം വരെ കുറഞ്ഞത് 10 പേരെ എറ്റോമിഡേറ്റ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സെറിബെല്ലർ പ്രവർത്തനത്തെ ബാധിക്കുന്ന ശക്തമായ സെഡേറ്റീവ് ആണ്. ജപ്പാൻ മേയിൽ എറ്റോമിഡേറ്റിനെ ഔദ്യോഗികമായി നിരോധിത മയക്കുമരുന്നായി പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് അതിന്റെ വിതരണം തുടരുകയാണ്.
ഒക്ടോബറിൽ, ഒരു പ്രധാന മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ തലവനെന്നാണ് സംശയിക്കുന്ന യൂറ്റോ അഗാരിയെ വീട്ടിൽ 64 ഗ്രാം എറ്റോമിഡേറ്റ് വേപ്പ് ലിക്വിഡ് സൂക്ഷിച്ച് വിൽപ്പനയ്ക്കായി തയ്യാറാക്കിയതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘം ഒകിനാവയിലെ പ്രധാന വിതരണ കേന്ദ്രമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. ടോക്കിയോ മേഖലയിൽ മൂന്ന് ചൈനീസ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂർ വഴി 100 ഗ്രാം എറ്റോമിഡേറ്റ് കടത്തി കൊണ്ടുവന്ന് ദ്രാവകമാക്കി വീണ്ടും വിൽപ്പന നടത്തിയതിന് അറസ്റ്റ് ചെയ്തു എന്ന് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന ഈ മരുന്ന് അമിതമായി ഉപയോഗിച്ചാൽ ബോധക്ഷയം, വിറയൽ, കൈകാലുകളിലെ നിയന്ത്രണം നഷ്ടമാകൽ എന്നിവ സംഭവിക്കാം. എറ്റോമിഡേറ്റ് ചേർത്ത വേപ്പ് ഉൽപ്പന്നങ്ങൾ എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുമാണ് രഹസ്യമായി വിൽക്കപ്പെടുന്നത്. ഫ്ലേവർ ഉള്ളതും ഇല്ലാത്തതുമായ വിപണിയിൽ ലഭ്യവുമാണ്.
യുഎൻ മയക്കുമരുന്ന് കുറ്റകൃത്യ നിരീക്ഷണ ഏജൻസിയും കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലാകെ എറ്റോമിഡേറ്റിന്റെയും അതിന്റെ സമാന മരുന്നുകളുടെയും ഉപയോഗം വർധിക്കുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മയക്കുമരുന്ന് വിപണി നയനിർമ്മാതാക്കളെക്കാൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഫെന്റനിൽ പോലെയുള്ള ശക്തമായ മരുന്നുകളും എറ്റോമിഡേറ്റ് ചേർത്ത വേപ്പ് ലിക്വിഡുകളും മേയ് വരെ നിയമവിരുദ്ധമായിരുന്നില്ല. ഇതോടെ നിയമപ്രവർത്തന ഏജൻസികൾ വിതരണ ശൃംഖലകളെ പിന്തുടരുന്നതിൽ പിന്നിലായി.
തായ്‌വാനീസ് മാഫിയ ഗ്രൂപ്പുകൾ, ചൈനീസ് സംഘങ്ങളുമായുള്ള ബന്ധങ്ങൾ, വിയറ്റ്നാം നിർമ്മാണ കേന്ദ്രങ്ങൾ, കടലിലെ രാജ്യാന്തര കൈമാറ്റങ്ങൾ തുടങ്ങിയവയാണ് ഈ മയക്കുമരുന്നുകളുടെ ഉറവിടമെന്നാണ് റിപ്പോർട്ടുകൾ. കടലിൽ ആകുമ്പോൾ പോലിസ് കണ്ടാൽ തെളിവുകൾ കടലിൽ എറിയാൻ കഴിയുന്നതുകൊണ്ടാണ് ഈ രീതി ഉപയോഗിക്കുന്നത്. ഒകിനാവയിൽ ഒരു സിഗരറ്റിന്റെ വില ഏകദേശം 20,000 യെൻ എന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മെഡിക്കൽ അനസ്തറ്റിക്കായ എറ്റോമിഡേറ്റ് വേപ്പ് ഉപയോഗിക്കുമ്പോൾ പെട്ടെന്നുള്ള ഉല്ലാസം, ഭ്രമദർശനം, വിറയൽ, തളർച്ച, ശരീരനിയന്ത്രണം പൂർണമായും നഷ്ടമാകൽ, അവയവ പ്രവർത്തന തകരാർ തുടങ്ങിയവയാണ് അനുഭവപ്പെടുക. ഫെന്റനിൽ, എറ്റോമിഡേറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ചെറിയ കാർട്രിഡ്ജുകൾ, എൻക്രിപ്റ്റഡ് ആപ്പുകൾ, ലോകമെമ്പാടുമുള്ള കൊറിയർ ശൃംഖലകൾ എന്നിവ വഴിയാണ് ജപ്പാനിലെത്തുന്നത്. ഇവ കണ്ടെത്താനും തടയാനും അധികം പ്രയാസമില്ല.
അതേസമയം, ഇതിനെതിരെ ജപ്പാൻ ആരോഗ്യ മന്ത്രാലയവും പോലീസും രാജ്യവ്യാപക തലത്തിൽ നിരീക്ഷണം ശക്തമാക്കുകയാണ്. ഒകിനാവയ്ക്ക് പുറത്തും ഈ വിപണി വ്യാപിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ക്യോഡോക്ക് പറഞ്ഞു. മേസേജിംഗ് ആപ്പുകളും തുറമുഖങ്ങളും കൂടുതൽ കർശനമായ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
‘Zombie cigarette’ use is widespread in Japan; use of the banned drug Etomidate is also on the rise














