അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസ് നവംബർ 19-ന് കരോലിനയിലെ ക്യാമ്പ് ലെജ്യൂണിൽ മെലാനിയ ട്രംപിനൊപ്പം പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളിൽ വിവാഹമോതിരം ധരിക്കാത്തതിനാൽ സോഷ്യൽ മീഡിയയിൽ വൻ അഭ്യുഹങ്ങളാണ് ഉയർന്നത്. ദമ്പതികളുടെ വിവാഹബന്ധത്തിൽ വിള്ളലുണ്ടെന്നും വിവാഹമോചനം ആസന്നമാണെന്നും അഭ്യൂഹങ്ങൾ പരന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജെ.ഡി. വാൻസിന് കൊല്ലപ്പെട്ട കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ ഭാര്യ എറിക്കയുമായി അടുപ്പമുണ്ടെന്ന ആരോപണവും ഇതിന് എണ്ണ ചേർത്തിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉഷയുടെ വക്താവ് രംഗത്തെത്തി. മൂന്ന് ചെറിയ കുട്ടികളുടെ അമ്മയായ ഉഷ ദിവസവും പാത്രം കഴുകുകയും കുട്ടികളെ കുളിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ്. ഇത്തരം ദിനചര്യകൾക്കിടയിൽ ചിലപ്പോൾ മോതിരം മറന്നുപോകാറുണ്ടെന്നാണ് വക്താവ് വിശദീകരിച്ചത്. “പാത്രങ്ങൾ കഴുകിയും കുട്ടികളെ കുളിപ്പിച്ചും നടക്കുന്ന തിരക്കിൽ ഇടയ്ക്ക് മോതിരം ധരിക്കാൻ മറന്നിട്ടുണ്ടാകും” എന്നായിരുന്നു വക്താവിന്റെ ലളിതമായ മറുപടി.
അതേസമയം, കഴിഞ്ഞ മാസം മിസിസിപ്പി സർവകലാശാലയിലെ പരിപാടിയിൽ ജെ.ഡി. വാൻസിനെ പരിചയപ്പെടുത്തിയ എറിക്ക കിർക്കിന്റെ പ്രസംഗവും വിവാദമായിരുന്നു. “എന്റെ ഭർത്താവിന് പകരക്കാരനായി ആരും വരില്ല, പക്ഷേ അദ്ദേഹത്തിന്റെ ചില സാമ്യതകൾ ഞാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൽ കാണുന്നു” എന്ന എറിക്കയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ പശ്ചാത്തലത്തിലാണ് മോതിരം ഇല്ലാത്ത ചിത്രങ്ങൾ കൂടി വന്നപ്പോൾ അഭ്യൂഹങ്ങൾ കൊഴുത്തത്.
യേൽ ലോ സ്കൂളിൽ വിദ്യാർത്ഥികളായിരിക്കെ പരിചയപ്പെട്ട ഉഷയും ജെ.ഡി. വാൻസും 2014-ൽ വിവാഹിതരായി. ഇവർക്ക് മൂന്ന് മക്കളുണ്ട്. വിവാഹമോതിരം മറന്നതിന്റെ വിശദീകരണത്തോടെ ദമ്പതികളുടെ ബന്ധത്തിലെ അഭ്യൂഹങ്ങൾക്ക് താത്കാലിക വിരാമമിട്ടിരിക്കുകയാണ്.














